FoodLIFE

ഓണം കളറാക്കാന്‍ ദാ പിടിച്ചോ കിടിലനൊരു ബീറ്റ്‌റൂട്ട് പച്ചടി…

ണം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവര്‍ക്കും മനസിലേക്ക് ഓടി എത്തുന്നത് ഓണ സദ്യം തന്നെയായിരിക്കും. ഓണത്തിന് നല്ല ഇലയിട്ട് സദ്യ ഒരുക്കാന്‍ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. പ്രിയപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കി വയര്‍ നിറയെ സദ്യയും പായസവുമൊക്കെ കുടിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരുന്നതാല്‍ മതി. എന്നാല്‍ ഓണത്തിന് പല തരത്തിലുള്ള നിറങ്ങളുള്ള വിഭവങ്ങള്‍ ഇല്ലെങ്കിലും പലപ്പോഴും മനസിന് പലര്‍ക്കും സന്തോഷം കാണില്ല. ഓണ സദ്യയിലെ പ്രധാനിയാണ് ബീറ്റ്‌റൂട്ട് പച്ചടി അഥവ ബീറ്റ്‌റൂട്ട് കിച്ചടി. കാണാന്‍ നല്ല ഭംഗിയുള്ള പിങ്ക് നിറത്തിലാണ് ഈ ബീറ്റ്‌റൂട്ട് പച്ചടിയുള്ളത്. ഇത് എങ്ങനെയാണ് തയാറാക്കുന്നത് എന്ന് അറിയുന്നതിന് മുന്‍പ് ബീറ്റ്‌റൂട്ടിന്റെ കുറച്ച് ഗുണങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കണം.

ബീറ്റ്‌റൂട്ട്

Signature-ad

ഓണസദ്യയാണെങ്കിലും ഇതിലെ വിഭവങ്ങളെല്ലാം ആരോഗ്യകരമായ തയാറാക്കാന്‍ ശ്രമിക്കേണ്ടതും വളരെ പ്രധാനമാണ്. ബീറ്റ്‌റൂട്ടില്‍ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കാറുണ്ട്. ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വീക്കം പോലെയുള്ള പ്രശ്‌നങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. രക്തയോട്ടം മെച്ചപ്പെടുത്തി രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ് ബീറ്റ്‌റൂട്ട്. അതുപോലെ ദഹനം മെച്ചപ്പെടുത്താനും വളരെ നല്ലതാണ്.

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്‌റൂട്ട് – 2
തേങ്ങ ചിരകിയത് – മുക്കാല്‍ കപ്പ്
പച്ചമുളക് – 3
ഇഞ്ചി – ഒരു ചെറിയ കഷണം
തൈര് – ഒന്നര കപ്പ്
ഉപ്പ് ആവശ്യത്തിന്

കടുക് വറുക്കാന്‍

വെളിച്ചെണ്ണ – 3 ടീ സ്പൂണ്‍
കടുക് – കുറച്ച്
ചുവന്ന മുളക് – 3
കറിവേപ്പില ആവശ്യത്തിന്

തയ്യാറാക്കാനായി

ആദ്യം തന്നെ ബീറ്റ്‌റൂട്ട് നന്നായി കഴുകി വ്യത്തിയാക്കി എടുക്കണം. അതിന് ശേഷം ഇത് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഇനി ഇതിലേക്ക് കുറച്ച് ഉപ്പ് ചേര്‍ത്ത് അര ഗ്ലാസ് വെള്ളം കൂടി ഒഴിച്ച് നന്നായി വേവിച്ച് എടുക്കുക.

ഇനി അരപ്പ് തയാറാക്കാന്‍

മുക്കാല്‍ കപ്പ് തേങ്ങയിലേക്ക് ഇഞ്ചിയുടെ കഷണവും 3 മുളകും ചേര്‍ത്ത് നന്നായി അരച്ച് എടുക്കുക. കാല്‍ ഗ്ലാസ് മാത്രം വെള്ളം ചേര്‍ത്ത് വേണം ഇത് അരച്ച് എടുക്കാന്‍. നല്ല പേസ്റ്റ് പരുവത്തില്‍ ഇത് അരച്ച് എടുക്കുക. ഇനി നേരത്തെ വേവിക്കാന്‍ വച്ച ബീറ്റ്‌റൂട്ടിലെ വെള്ളം എല്ലാം വറ്റി വെന്ത് വരുമ്പോള്‍ അതിലേക്ക് ഈ അരപ്പ് ചേര്‍ത്ത് ഇളക്കുക. ഇത് നന്നായി യോജിപ്പിച്ച ശേഷം ഇതിലേക്ക് എടുത്ത് വച്ചിരിക്കുന്ന തൈര് കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കണം.

താളിക്കാന്‍

ചീനച്ചട്ടി വച്ച ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് കടുകിട്ട് പൊട്ടിക്കുക. അതിന് ശേഷം അതിലേക്ക് വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്ത് നന്നായി താളിച്ച് എടുക്കുക. ഇനി ഇത് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന കിച്ചടിയേലക്ക് ഒഴിക്കാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: