Breaking NewsCrimeKeralaLead NewsNEWSNewsthen Special

ആലുവ അതുലിനെ പിന്തുടര്‍ന്നത് രണ്ടു കാറുകളില്‍; ‘കൊല്ലരുത്, പറഞ്ഞു തീര്‍ക്കാം’ എന്ന് അപേക്ഷിച്ചിട്ടും തുരുതുരാ വെട്ടി; കരുനാഗപ്പള്ളി സംഘത്തിന്റെയും ഓച്ചിറ സംഘത്തിന്റെയും ഒന്നര പതിറ്റാണ്ടിന്റെ കുടിപ്പക; കൊലപാതകത്തിന്റെ വാര്‍ഷികത്തില്‍ കണക്കു തീര്‍ക്കല്‍

കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയില്‍ പുതിയകാവില്‍ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ വെട്ടിക്കൊന്നതിനു പിന്നില്‍ വന്‍ ആസൂത്രണം. എട്ടു പേരടങ്ങുന്ന സംഘം അതുലിനെ പിന്തുടര്‍ന്നത് രണ്ടു കാറുകളിലായെന്ന് പൊലീസ് പറഞ്ഞു. ഒപ്പിട്ട് പൊലീസ് സ്റ്റേഷനില്‍ നിന്നിറങ്ങിയ അതുലിന്റെ നീക്കം സംഘം നിരീക്ഷിച്ച് പിന്തുടര്‍ന്നു. മുന്നിലും പിന്നിലുമായി രണ്ടു കാറുകളിലായായിരുന്നു പിന്തുടര്‍ന്നത്.

ഹരിയാന രജിസ്‌ട്രേഷന്‍ കാര്‍ഡില്‍ എത്തിയ സംഘം അതുലിന്റെ കാറിനു പിന്നാലെ കൂടി. പലവട്ടം ചെയ്‌സ് ചെയ്തു പിടിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പുതിയകാവില്‍ എത്തിയപ്പോഴേക്കും ഇന്നോവ കാര്‍ അതുലിന്റെ കാറിനെ ഇടിച്ച് കുഴിയിലേക്ക് തള്ളിയിട്ടു. പിന്നാലെ വാളുമായി സംഘം കാറിനടുത്തേക്ക് പാഞ്ഞു.

Signature-ad

കാറിന്റെ ഗ്ലാസില്‍ ആഞ്ഞു വെട്ടി. ഗ്ലാസ് താഴ്ത്തിയപ്പോഴേക്കും തങ്ങും വിലങ്ങും വെട്ടിയ സംഘം അതുലിനെ വലിച്ചു പുറത്തേക്കിട്ടു. ഒപ്പം ഉണ്ടായിരുന്ന കുക്കു എന്ന മനു പരിക്കുകളോടെ രക്ഷപ്പെട്ടു. പുറത്തേക്ക് വലിച്ചിട്ട അതുലിനെ വീണ്ടും തുരുതുരാ വെട്ടി. ചലനമറ്റ അതുല്‍ മരിച്ചെന്നു ഉറപ്പുവരുത്തിയ ശേഷമാണ് സംഘം കാറില്‍ കയറി രക്ഷപ്പെട്ടത്. കേസില്‍ 8 പ്രതികളും പിടിയിലായി. കോട്ടയം മുണ്ടക്കയത്ത് വച്ച് നാലുപ്രതികളും ഇവര്‍ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിനു പിന്നില്‍ കടത്തൂര്‍ സംഘമാണെന്നാണ് സൂചന. ജിം സന്തോഷിനെ കൊലപ്പെടുത്തി മടങ്ങും വഴി രണ്ട് പേരെ അലുവ അതുലും സംഘവും ആക്രമിച്ചിരുന്നു. അന്ന് ആക്രമിക്കട്ടവരുടെ സംഘമാണ് അതുലിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക നിഗമനം. ജിം സന്തോഷ് കൊല്ലപ്പെട്ട ഒരു വര്‍ഷം തികയും മുമ്പാണ് അടുത്ത കൊലപാതകം.

ഗുണ്ടാകുടിപ്പക

കരുനാഗപ്പള്ളിയിലെ അരുംകൊലയിലേക്ക് നയിച്ചത് ഒന്നര പതിറ്റാണ്ടിലേറെയായി തുടരുന്ന ഗുണ്ടാകുടിപ്പക. ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി സംഘവും ഇന്ന് കൊല്ലപ്പെട്ട അതുല്‍ ഉള്‍പ്പെടുന്ന ഓച്ചിറ സംഘവും തമ്മിലുള്ള പകയുടെ തുടക്കം 2013ലാണ്. അതിനിടയിലെ രണ്ടാമത്തെ കൊലപാതകമാണ് പട്ടാപ്പകല്‍ നടന്നത്.

കൊല്ലത്തെ രണ്ട് ഗൂണ്ടാസംഘങ്ങള്‍. ജിം സന്തോഷിന്റെ നേതൃത്വത്തിലെ കരുനാഗപ്പള്ളി ടീമും ഓച്ചിറ കേന്ദ്രീകരിച്ചുള്ള ചങ്ങന്‍കുളങ്ങര വിനോദിന്റെ സംഘവും. ഇവര്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന കുടിപ്പകയുടെ ബാക്കിചിത്രമായിരുന്നു കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ കണ്ടത്. കൊലയില്‍ പങ്കാളിയെന്ന് സംശയിക്കുന്ന അനീറിലൂടെയാണ് ഈ രണ്ട് സംഘങ്ങള്‍ തമ്മിലുള്ള പകയുടെ ചരിത്രം തുടങ്ങുന്നത്. അനീര്‍ ജിം സന്തോഷിന്റെ അടുത്തയാളായിരുന്നു.

ഓച്ചിറ ടീമിന്റെ തലവനെ അനീര്‍ വീട്ടില്‍ കയറി 2013ല്‍ അടിച്ചതോടെ ഇവരുടെ പക തുടങ്ങി. അടിയും തിരിച്ചടിയുമായി പിന്നീട് പലതവണ ഏറ്റുമുട്ടി. ഒടുവില്‍ 2023ല്‍ ഒത്തുതീര്‍പ്പിനായി ജിം സന്തോഷ് എതിര്‍സംഘത്തെ വിളിച്ചുവരുത്തി. പക്ഷെ അത് ചതിയായിരുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്കിടെ സന്തോഷ് എതിരാളികളെ വെട്ടി. അതോടെ വെട്ടും കുത്തും മാറി കൊന്ന് തീര്‍ക്കുന്ന വൈരാഗ്യത്തിലേക്ക് പക വളര്‍ന്നു. വെട്ടുകേസില്‍ ജാമ്യത്തിലിറങ്ങി കഴിഞ്ഞിരുന്ന ജിം സന്തോഷായിരുന്നു ആദ്യ ഇര.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 27ന് പുലര്‍ച്ചെ അതുലും മൂന്ന് പേരുമടങ്ങുന്ന സംഘം സന്തോഷിനെ വീട്ടില്‍ കയറി അമ്മയുടെ കണ്‍മുന്നിലിട്ട് വെട്ടിക്കൊന്നു. കൊല ചെയ്ത് മടങ്ങുന്ന വഴി ഇന്ന് അതുലിനെ ആക്രമിക്കാനുണ്ടായിരുന്ന അനീറിനെയും ആക്രമിച്ചു. പിന്നീട് തമിഴ്‌നാട്ടിലേക്ക് കടന്ന അതുലിനെ ഇരുപത് ദിവസത്തിനകം പിടികൂടി. അന്ന് മുതല്‍ ജയിലിലായിരുന്ന അതുല്‍ ജാമ്യത്തിലിറങ്ങിയതോടെ പകരംവീട്ടാന്‍ എതിര്‍സംഘം തയാറെടുത്തു. സന്തോഷിന്റെ കൊലയ്ക്ക് ഒരു വര്‍ഷം തികയാന്‍ ഇനി 13 ദിവസം. അതിന് മുന്‍പ് പകവീട്ടണമെന്ന കാടത്തമാണ് പട്ടാപ്പകല്‍ നടുറോഡില്‍ കേരളം കണ്ടത്.

#കരുനാഗപ്പള്ളി, #അലുവഅതുൽ, #ഗുണ്ടാകുടിപ്പക, #കൊലപാതകം, #കേരളപോലീസ്, #ജിംസന്തോഷ്, #കരുനാഗപ്പള്ളിവാർത്തകൾ, #ഗുണ്ടാആക്രമണം, #മലയാളംവാർത്ത, #ഡെയ്‌ലിഹണ്ട് #KarunagappallyMurder, #AluvaAthul, #GangWar, #KeralaCrime, #BreakingNewsMalayalam, #KollamNews, #PoliceInvestigation, #CrimeNewsIndia, #GangsterConflict, #JusticeForAthul, #DailyNewsKerala

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: