IndiaNEWS

മോദിയുടെ മാപ്പിലും രക്ഷയില്ല; ശിവാജിയുടെ പ്രതിമ തകര്‍ന്നത് രാഷ്ട്രീയ ആയുധമാക്കി ഇന്ത്യാമുന്നണി

മുംബൈ: സിന്ധുദുര്‍ഗില്‍ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ന്നുവീണ സംഭവം രാഷ്ട്രീയ ആയുധമാക്കി ഇന്ത്യാമുന്നണി. നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടു മാസം മാത്രം ശേഷിക്കെ, ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ എന്‍ഡിഎ സര്‍ക്കാരിനെതിരെ ജനവികാരം ആളിക്കത്തിക്കാനാണു നീക്കം. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍ നാനാ പഠോളെ എന്നിവരുടെ നേതൃത്വത്തില്‍ ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിപക്ഷ പ്രതിഷേധം ഇരമ്പി. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവരുടെ ചിത്രങ്ങള്‍ അടങ്ങിയ ബാനറില്‍ ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കള്‍ ചെരിപ്പുകൊണ്ട് അടിച്ചാണു പ്രതിഷേധിച്ചത്. ഇന്ത്യാമുന്നണി നേതാക്കള്‍ ശിവസേനാ വിമത നേതാവായ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ രാജി ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ ഏറ്റവും ആദരിക്കപ്പെടുന്ന മറാഠാ ചക്രവര്‍ത്തിയാണു ശിവാജി. സംസ്ഥാന ജനസംഖ്യയുടെ 28 ശതമാനം വരുന്ന പ്രബല വിഭാഗമായ മറാഠകള്‍ നിര്‍ണായക വോട്ട് ബാങ്കാണ്. നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, മറാഠ വികാരം സര്‍ക്കാരിനെതിരാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. മുംബൈയില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ മാല്‍വണ്‍ തീരത്ത് എട്ടു മാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാഛാദനം ചെയ്ത ശിവാജി പ്രതിമ കഴിഞ്ഞ 26നാണ് നിലംപൊത്തിയത്. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പരസ്യമായി മാപ്പു ചോദിച്ചെങ്കിലും അത് കപടനാട്യമാണെന്ന് ഉദ്ധവ് താക്കറെ ആരോപിച്ചു. ബലം ഉറപ്പാക്കാതെ അഴിമതിക്കായി ശിവാജിയെ ‘ആയുധമാക്കിയതാണ്’ പ്രതിമ തകരാന്‍ കാരണമെന്ന് ശരദ് പവാര്‍ ആരോപിച്ചു.

Signature-ad

‘മോദി അനാഛാദനം ചെയ്ത ശിവാജി പ്രതിമ തകര്‍ന്നു. രാമക്ഷേത്രത്തില്‍ ചോര്‍ച്ചയുണ്ടായി. പാര്‍ലമെന്റ് സമുച്ചയവും ചോര്‍ന്നു. ഇതാണോ മോദിയുടെ ഗാരന്റി? പ്രതിമ തകര്‍ന്നതിലാണോ നിര്‍മാണത്തിലെ അഴിമതിയുടെ പേരിലാണോ മോദി മാപ്പിരന്നത്?’ ഉദ്ധവ് ചോദിച്ചു. ഛത്രപതി ശിവാജി ആരാധ്യപുരുഷനാണെന്നും അദ്ദേഹത്തിന്റെ പാദങ്ങളില്‍ തലകുനിച്ച് മാപ്പ് ചോദിക്കുന്നതായും കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിഹാസപുരുഷനായ ഛത്രപതി ശിവാജിയോടുള്ള അപമാനം മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഒരിക്കലും പൊറുക്കില്ലെന്നും കാരണക്കാരായ ബിജെപിയെയും സഖ്യകക്ഷികളെയും അധികാരത്തില്‍നിന്നു താഴെയിറക്കാനാണ് ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ കൂടിയിരിക്കുന്നതെന്നും ഉദ്ധവ് വ്യക്തമാക്കി.

‘ശിവദ്രോഹി’ സര്‍ക്കാരിനെ അധികാരത്തിലെത്താന്‍ മോദിയാണ് വഴിയൊരുക്കിയതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ മാപ്പിരക്കലെന്നും എംപിസിസി അധ്യക്ഷന്‍ നാനാ പഠോളെ ആരോപിച്ചു. സംയുക്ത മഹാരാഷ്ട്ര പ്രക്ഷോഭത്തിലെ രക്തസാക്ഷികളുടെ സ്മാരകമായ ഹുതാത്മാ ചൗക്കില്‍ പുഷ്പചക്രം അര്‍പ്പിച്ച ശേഷമായിരുന്നു ഗേറ്റ്വേ ഓഫ് ഇന്ത്യയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച്. ശിവാജിയുടെ പിന്‍ഗാമിയായ കോലാപുര്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഷാഹു മഹാരാജും മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം മാര്‍ച്ചിന്റെ മുന്‍നിരയിലുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്നെത്തിയ ഇന്ത്യാമുന്നണി അണികളും ഭരണമുന്നണി നേതാക്കളുടെ ചിത്രങ്ങളില്‍ ചെരിപ്പ് തല്ലിക്കൊണ്ട് പ്രതിഷേധമാര്‍ച്ചിന്റെ ഭാഗമായി. സംഭവം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാനത്തുടനീളം ബിജെപിയും പ്രതിഷേധ റാലികള്‍ നടത്തി.

 

Back to top button
error: