KeralaNEWS

സജീവ രാഷ്ട്രീയം മതിയാക്കും; പാര്‍ട്ടിയില്‍ നിന്നും അവധി എടുത്തേക്കും; കേന്ദ്ര കമ്മറ്റിയില്‍ നിന്നും മാറ്റിയാല്‍ പൊട്ടിത്തെറി; ഇപിയുടെ മനസ്സില്‍ എന്ത്?

തിരുവനന്തപുരം: ഇപി ജയരാജന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയ സാഹചര്യത്തിലാണ് ഇത്. പാര്‍ട്ടിയില്‍ നിന്നും അവധി അപേക്ഷ നല്‍കും. സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇപിയെ ഒഴിവാക്കുമെന്നും സൂചനയുണ്ട്. പിന്തുണ പ്രതീക്ഷിച്ചിരുന്ന കേന്ദ്രങ്ങളില്‍ നിന്നുപോലും ഒരു ഘട്ടത്തിലും അനുകൂല ശബ്ദം ഉയര്‍ന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പിന്തുണച്ചില്ല. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് തനിക്ക് എതിരായ നീക്കത്തിന് പിന്നിലെന്ന നിഗമനത്തിലാണ് ഇപി.

ഇപി കേന്ദ്രകമ്മിറ്റി അംഗമായി തുടരുമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. അതേസമയം, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തുനിന്ന് നീക്കിയ പാര്‍ട്ടി നപടിയെക്കുറിച്ച് പ്രതികരിക്കാന്‍ ഇപി ഇതുവരെ തയ്യാറായിട്ടില്ല. സിപിഎമ്മില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാല്‍ ഇപി ജയരാജനായിരുന്നു മുഖ്യന്‍. കോടിയേരിയുടെ വിയോഗത്തിനുശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കിട്ടുമെന്ന് ഇപി ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. പോളിറ്റ് ബ്യൂറോയിലും അവസരം കിട്ടിയില്ല. ഇതോടെ തന്നെ സിപിഎമ്മുമായി ഇപി അകന്നിരുന്നു. കണ്‍വീനര്‍ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ ഇ.പി. ജയരാജന് കടുത്ത അതൃപ്തിയുണ്ട്. സംഘടനാപരമായ നടപടികളിലേക്ക് കൂടി കടന്നാല്‍ ഇ.പി പൊട്ടിത്തെറിച്ചേക്കും.

Signature-ad

സിപിഎം സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഇ.പി. ജയരാജനെ പാര്‍ട്ടി അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ട സമയത്ത് ഇ.പി. ജയരാജന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും എല്ലാ കണക്കുകൂട്ടുകളെയും തെറ്റിച്ചുകൊണ്ട് എം.വി. ഗോവിന്ദനാണ് ആസ്ഥാനത്തേക്ക് വന്നത്. ഇതോടെയാണ് ജയരാജന്‍ പൂര്‍ണ്ണമായും അതൃപ്തനായത്.

തനിക്ക് രാഷ്ട്രീയ എതിരാളിയായി വളരാന്‍ സാധ്യതയുള്ള ഇ.പി. ജയരാജനെ പൂര്‍ണമായും ഒതുക്കുകയെന്ന എം.വി. ഗോവിന്ദന്റെ തന്ത്രം കൂടിയാണ് ഒരു പരിധിവരെ ഇവിടെ വിജയിച്ചിരിക്കുന്നത് എന്നാണ് വിലയിരുത്തല്‍. ഇനി ഗോവിന്ദനെ സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് ശക്തരായ എതിരാളികള്‍ ഇല്ല എന്ന് തന്നെ പറയാം. ഇപിയെ മാറ്റി നിര്‍ത്തപ്പെടുന്നതോടെ പിണറായിക്കുശേഷം എം.വി. ഗോവിന്ദന്‍ സിപിഎമ്മില്‍ പിടിമുറുക്കും. ഇ.പി. ജയരാജന് ഇനി യൊരു തിരിച്ചുവരവ് അതിവിദൂര സ്വപ്നം മാത്രമാണ്. കാരണം 75 വയസ്സോടടുത്ത ഇ.പി. ജയരാജന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.

ഇടത് മുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്ന് ഇ.പി. ജയരാജനെ മാറ്റിയെങ്കിലും പാര്‍ട്ടിയുടെ സംഘടനാ അച്ചടക്ക നടപടി ഉണ്ടാകാന്‍ സാധ്യത കുറവാണെന്ന വിലയിരുത്തലുമുണ്ട്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി.പി.എമ്മിന്റെ ചട്ടം. നടപടി വേണമെങ്കില്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയേണ്ടി വരും. മെയില്‍ 75 വയസ്സ് പൂര്‍ത്തിയാകുന്ന ഇ.പി. ജയരാജനെ അടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യവും ഉയര്‍ന്നുവരുന്നുണ്ട്.

കണ്ണൂരില്‍ നടന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലാണ് പാര്‍ട്ടി കമ്മിറ്റികളില്‍ പ്രായപരിധി സി.പി.എം ഏര്‍പ്പെടുത്തിയത്. 75 വയസ്സ് എന്ന പ്രായപരിധിയാണ് തീരുമാനിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: