CrimeNEWS

ഓടിക്കൊണ്ടിരുന്ന ബസിലെ കണ്ടക്ടറെ കുത്തിക്കൊന്ന ആൾ പിടിയില്‍; കൊലയ്ക്ക് കാരണം ഭാര്യയുമായുള്ള അവിഹിത ബന്ധം

     കളമശേരി എച്ച്.എം.ടി ജംക്ഷനില്‍  കണ്ടക്ടറെ ബസിനുള്ളില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. കളമശേരി ഗ്ലാസ് ഫാക്ടറി നഗര്‍ ചാമപ്പറമ്പില്‍ മിനൂപ് (35) ആണ് പിടിയിലായത്. ഇടുക്കി രാജകുമാരി മറ്റത്തില്‍ വീട്ടില്‍ അനീഷ് പീറ്ററിനെ (25) ആണ് ഇയാള്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ചയ്ക്ക് യാത്രക്കാരുമായി വന്ന ‘അസ്ത്ര’ ബസിനുള്ളിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

യാത്രക്കാരുടെ കണ്‍മുന്നില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടന്നത്. പലരും അതിന്റെ ഞെട്ടലില്‍ നിന്നും മോചിതരായിട്ടില്ല. അനീഷിനെ കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട മിനൂപിനെ വൈകിട്ട് ആലുവ മുട്ടത്തു നിന്നാണ് പൊലീസ് പിടികൂടിയത്. മിനൂപിന്റെ ഭാര്യയുമായി അനീഷിനുണ്ടായിരുന്ന ബന്ധമാണ് കൊലപാതത്തിനു കാരണമെന്നാണു പൊലീസ് നല്‍കുന്ന സൂചന. പക്ഷേ ‘സഹോദരിയെ അപമാനിക്കുമോ’ എന്ന് പറഞ്ഞാണ് പ്രതി കണ്ടക്ടറെ കുത്തിയതെന്ന് ദക്സാക്ഷികൾ പറയുന്നു.

Signature-ad

അനീഷിന്റെ നെഞ്ചിനാണു കുത്തേറ്റത്. വീണ്ടും കുത്താനുള്ള ശ്രമം തടയുന്നതിനിടയില്‍ കൈക്കും കഴുത്തിനും മുറിവേറ്റു. ബസിനകത്തു കുത്തേറ്റുവീണ അനീഷിനെ ഉടന്‍തന്നെ ഡ്രൈവറും മറ്റും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ എറണാകുളം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി.

സംഭവ സമയത്ത് ബസില്‍ യാത്രക്കാരായി നാല് സ്ത്രീകളും ഒരു പുരുഷനും മാത്രമാണ് ഉണ്ടായിരുന്നത്. എച്ച് എം ടി ജംക്ഷന്‍ ജുമാമസ്ജിദിനു സമീപം യാത്രക്കാരെ ഇറക്കാനായി ബസ് നിര്‍ത്തിയ ഉടന്‍ മാസ്ക് ധരിച്ച് പിന്നിലൂടെ ഓടിക്കയറിയ  മിനൂപ് കണ്ടക്ടറെ കുത്തിയ ശേഷം രക്ഷപ്പെടുന്നതിനിടയില്‍ തള്ളിവീഴ്ത്തിയ യാത്രക്കാരിക്കും പരുക്കേറ്റു. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അനീഷിനെ കുത്തിയ ശേഷം മിനൂപ് ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവികളില്‍ നിന്നു പൊലീസ് ശേഖരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണമാണ് മിനൂപിനെ കുടുക്കിയത്. ഇയാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിനായി മിനൂപ് എത്തിയ ഇരുചക്രവാഹനവും അക്രമം നടന്ന ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.

പഞ്ചായത്ത് പുത്തന്‍ കോളനിയില്‍ മറ്റത്തില്‍ പീറ്റര്‍ – ലിസി ദമ്പതികളുടെ മകനാണ് അനീഷ് . അവിവാഹിതനാണ്. ഏക സഹോദരന്‍ അജിത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: