തിരുവനന്തപുരം: മലയാള സിനിമാമേഖലയെ പിടിച്ചുകുലുക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും നടന്‍മാര്‍ക്കെതിരായ ലൈംഗികാരോപണങ്ങളും സംബന്ധിച്ച വിവിധ ചോദ്യങ്ങളോട് ഒഴിഞ്ഞുമാറി അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവച്ച നടന്‍ മോഹന്‍ലാല്‍. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തനിക്ക് സാധിക്കില്ലെന്നും ഉത്തരങ്ങളില്ലെന്നും നടന്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന് 12ാം ദിവസമായിരുന്നു വിഷയത്തില്‍ മൗനം വെടിഞ്ഞ് മോഹന്‍ലാല്‍ രംഗത്തെത്തിയത്.
റിപ്പോര്‍ട്ട് പുറത്തുവരികയും അമ്മ ഭാരവാഹികള്‍ക്കെതിരെയുള്‍പ്പെടെ ലൈംഗികാരോപണങ്ങള്‍ ഉയരുകയും ചെയ്ത പശ്ചാത്തലത്തില്‍ പ്രസിഡന്റ് ചുമതലയില്‍ നിന്ന് രാജിവയ്ക്കുകയും നിലവിലെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്‌തെങ്കിലും വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ മോഹന്‍ലാല്‍ തയാറാവാത്തത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കണാന്‍ തയാറായത്.
പവര്‍?ഗ്രൂപ്പ് ഉണ്ടെന്ന ഹേമ കമ്മിറ്റിയുടെ സുപ്രധാന കണ്ടെത്തല്‍ നിഷേധിച്ച മോഹന്‍ലാല്‍, മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് തനിക്ക് മറുപടി പറയാന്‍ സാധിക്കില്ലെന്നും കേരളാ പൊലീസിന്റെ കാര്യം അവരല്ലേ നോക്കേണ്ടത്, താനാണോ എന്നും ചോദിച്ചു. നിങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തയാറായിട്ടാണ് വന്നത്. പക്ഷേ എനിക്ക് ഉത്തരങ്ങളില്ല. എന്റെ കൈയില്‍ നില്‍ക്കുന്ന കാര്യമല്ല. നിങ്ങളുടെ കൈയിലാണ് ഈ കാര്യങ്ങള്‍ നില്‍ക്കുന്നത്- എന്നും നടന്‍ പറഞ്ഞു.
‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അന്വേഷണം വേണോ’ എന്ന ചോദ്യത്തിന് തീര്‍ച്ചയായും വേണമെന്നും അത് കോടതിയില്‍ ഇരിക്കുന്ന കാര്യമല്ലേയെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു. ഇതിനു മുമ്പും ഇതിലും വലിയ കാര്യങ്ങള്‍ നടന്നിട്ടുണ്ട്. അതൊക്കെ സിനിമയില്‍ മാത്രമല്ല. റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ പെട്ടെന്നൊരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. പൊലീസിന്റെയോ കോടതിയുടേയോ കൈയിലിരിക്കുന്ന കാര്യത്തില്‍ തനിക്കൊരു അഭിപ്രായം പറയാന്‍ പറ്റില്ല’ എന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.
ഒരു സംഭവം നടന്നാല്‍ അതിന് ഉത്തരം പറയേണ്ടത് അമ്മ സംഘടനാ മാത്രമല്ലെന്നും അഭിഭാഷകരുമായി സംസാരിച്ചതിനു ശേഷമാണ് മാറിനില്‍ക്കാമെന്ന് തീരുമാനിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞുമാറിയിട്ടില്ല. എല്ലാവരുടെയും അനുവാദം വാങ്ങിയാണ് അമ്മയില്‍ നിന്ന് മാറിയത്. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്. തനിക്ക് പറ്റാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘അമ്മ’ മെമ്പര്‍ഷിപ്പുമായി ബന്ധപ്പെട്ട ആരോണങ്ങള്‍, സംഘടനയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവും തുടര്‍ന്നുള്ള രാജിയും, സമീപകാലത്ത് ഉയര്‍ന്നുവന്ന മറ്റു വെളിപ്പെടുത്തലുകള്‍ തുടങ്ങിയയോടും അദ്ദേഹം മൗനം പാലിച്ചു.