മലപ്പുറം: തൃശൂര്‍ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വി എസ് സുനില്‍ കുമാര്‍ ഉറപ്പായും ജയിക്കുമായിരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെന്ന് പി.വി അന്‍വര്‍ എംഎല്‍എ. എല്ലാം മാറ്റിമറിച്ചത് തൃശൂര്‍ പൊലീസിന്റെ പൂരം കലക്കലാണ്. സുരേഷ് ഗോപിക്ക് വഴിവെട്ടിയത് എഡിജിപി: അജിത്ത് കുമാറാണെന്നും അന്‍വര്‍ പരോക്ഷമായി ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
‘അവന്മാരൊക്കെ കമ്മികളാണ് സാറേ.’
‘തൃശ്ശൂര്‍ പൂരം കലക്കി’ ബിജെപിക്ക്
വഴി വെട്ടി കൊടുത്തതാര്?
ഒരു വര്‍ഷത്തിന് മുന്‍പ് നടന്ന ഒരു കാര്യമാണ്. മറുനാടന്‍ വിഷയം കത്തി നില്‍ക്കുന്ന സമയം. തൃശ്ശൂര്‍ ജില്ലയിലെ ഒരു മതസ്ഥാപനവുമായി ബന്ധപ്പെട്ട ചില ആളുകള്‍ തൃശ്ശൂര്‍ രാമനിലയത്തില്‍ എന്നെ കാണാനെത്തിയിരുന്നു. മറുനാടനെതിരെയും, പൊലീസിനെതിരെയുമുള്ള അവരുടെ ചില പരാതികള്‍ നേരിട്ട് പറയാനാണ് അവര്‍ എത്തിയത്.
അവരുടെ സ്ഥാപനം അക്രമിച്ചതുമായി ബന്ധപ്പെട്ട് ചിലര്‍ക്കെതിരെയും, അവര്‍ക്കെതിരെ വ്യാജവാര്‍ത്ത കൊടുത്തതിന്റെ പേരില്‍ മറുനാടനെതിരെയും അവര്‍ പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്താനാണ് അവര്‍ എത്തിയത്.
‘വിഷയം എഡിജിപി അജിത്ത് കുമാറിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന്’ അവരോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു.
‘അയ്യോ സാര്‍..വിഷയത്തില്‍ ഇടപ്പെട്ടില്ലെങ്കിലും കുഴപ്പമില്ല, അദ്ദേഹത്തോട് പറയേണ്ടതില്ല’ എന്നായിരുന്നു അവരുടെ മറുപടി.
കാരണം അവരോട് അന്വേഷിച്ചു.
അവര്‍ കാര്യങ്ങള്‍ വിശദമായി പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട് അവര്‍ ഇന്നത്തെ തൃശ്ശൂര്‍ എം.പി.ശ്രീ.സുരേഷ് ഗോപിയെ സമീപിച്ചിരുന്നു. വിഷയങ്ങള്‍ കേട്ട ശേഷം, അദ്ദേഹം മൊബൈല്‍ സ്പീക്കറിലിട്ട് ‘നമ്മുടെ സ്വന്തം ആളാണെന്ന്’ പറഞ്ഞ് എഡിജിപി അജിത്ത് കുമാറിനെ വിളിച്ചു. ഭവ്യതയോടെ കോള്‍ എടുത്ത എഡിജിപി വിഷയം പറഞ്ഞതോടെ ആദ്യം പ്രതികരിച്ചത് ഇങ്ങനെയാണ്.
‘അവന്മാരൊക്കെ കമ്മികളാണ് സാറേ..’
ഇതോടെ സ്പീക്കര്‍ ഓഫ് ചെയ്ത സുരേഷ് ഗോപി വിഷയത്തില്‍ ഇടപെടാതെ അവരെ ഒഴിവാക്കിവിട്ടു.
ഇയാളുടേത് ഒരേ സമയം രണ്ട് വള്ളത്തില്‍ കാല്‍ ചവിട്ടിയുള്ള നില്‍പ്പാണെന്ന് ഇത് കേട്ട ആ നിമിഷം ബോധ്യപ്പെട്ടതാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥന് രാഷ്ട്രീയം ഉണ്ടാവണമെന്നല്ല പറഞ്ഞ് വരുന്നത്.
‘അവന്മാരൊക്കെ കമ്മികളാണെന്ന’ സ്റ്റേറ്റ്മെന്റ് എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത് എന്നതാണിവിടെ പ്രശ്‌നം.
ഇത്തവണ തൃശ്ശൂരിലേത് ബിജെപിയുടെ അഭിമാനപോരാട്ടമായിരുന്നു. ബിജെപി അവരുടെ ‘പോസ്റ്റര്‍ ബോയിയായി’ സുരേഷ് ഗോപിയെ അവതരിപ്പിച്ച്, പ്രധാനമന്ത്രി ഉള്‍പ്പെടെ രണ്ട് തവണ നേരില്‍ വന്ന് പ്രചരണം നടത്തിയ മണ്ഡലം. എന്ത് വില കൊടുത്തും തൃശ്ശൂര്‍ പിടിക്കുക എന്നത് ബിജെപിയുടെ ഇത്തവണത്തെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു.
എന്നാല്‍ സഖാവ് വി.എസ്.സുനില്‍ കുമാറിന്റെ ജനകീയ മുഖം അവരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
തൃശ്ശൂര്‍ പൂരം വിവാദം ഉണ്ടായിരുന്നില്ലെങ്കില്‍ അവിടെ നിന്ന് സഖാവ് വി.എസ് സുനില്‍ കുമാര്‍ ഉറപ്പായും തിരഞ്ഞെടുക്കപ്പെടും എന്ന സാഹചര്യമാണ് അന്ന് അവിടെ ഉണ്ടായിരുന്നത്.
ഇതൊക്കെ മാറ്റിമറിച്ചത് ‘തൃശ്ശൂര്‍ പൊലീസിന്റെ പൂരം കലക്കല്‍’ തന്നെയാണ്.
‘താരതമ്യേന ജൂനിയറായ എ.സി.പി അങ്കിത് അശോക് സ്വന്തം താല്‍പര്യപ്രകാരം ഇങ്ങനെ ഒരു വിവാദത്തില്‍ ഇടപെടുമെന്ന് നിങ്ങള്‍ ഇന്നും കരുതുന്നുണ്ടോ നിഷ്‌ക്കളങ്കരേ..’
സുരേഷ് ഗോപിക്ക് വഴി വെട്ടിയത് ആരാണെന്ന് ഇനി ഞാനായി പ്രത്യേകിച്ച് പറയുന്നില്ല..