CrimeNEWS

വ്യാജ പാസ്‌പോര്‍ട്ട് നിര്‍മാണം: ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍; രാജ്യംവിട്ടവരുടെ വിവരം ശേഖരിക്കുന്നു

തിരുവനന്തപുരം: വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന പോലീസുകാരന്‍ അറസ്റ്റില്‍. സസ്പെന്‍ഷനിലായിരുന്ന തുമ്പ സ്റ്റേഷനിലെ പോലീസുകാരന്‍ അന്‍സിലിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാസ്പോര്‍ട്ടിനായി വ്യാജരേഖകള്‍ ചമയ്ക്കാന്‍ കൂട്ടുനിന്നതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

തുമ്പ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അന്‍സില്‍ അസീസാണ് തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍. തുമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നല്‍കിയ 13 പാസ്പോര്‍ട്ടുകളില്‍ കൃത്രിമത്വം കാട്ടിയതിനാണ് കേസ്. വിഷയത്തില്‍ അന്‍സിലിനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു. അന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ച പോലീസുകാരനാണ് അന്‍സില്‍.

Signature-ad

തുമ്പ പോലീസ് സ്റ്റേഷനില്‍ നടന്നത് രാജ്യത്തിന് തന്നെ ഞെട്ടലുണ്ടാക്കുന്ന കുറ്റകൃത്യമാണ്. ഏറ്റവും സുരക്ഷിതമായ അനുവദിക്കപ്പെടേണ്ട പാസ്പോര്‍ട്ടിനായി വന്‍ അട്ടിമറിയാണ് നടന്നത്. വ്യാജ രേഖ ചമച്ച് ഔദ്യോഗിക സംവിധാനങ്ങളെ കബളിപ്പിച്ച് പാസ്പോര്‍ട്ട് സമ്പാദിക്കുന്ന നിഗൂഢ സംഘത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചയാളാണ് അന്‍സില്‍ അസീസ്.

തുമ്പയിലെ ആളൊഴിഞ്ഞ വീട് വാടകയ്‌ക്കെടുത്താണ് മരിച്ചവരുടെ പേരില്‍ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയത്. പാസ്പോര്‍ട്ട് ഓഫീസില്‍ ലഭിക്കുന്ന അപേക്ഷ വേരിഫിക്കേഷന് തുമ്പ പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായ അന്‍സില്‍ അസീസ് ഫയല്‍ പാസാക്കി തട്ടിപ്പ് സംഘത്തിന് ഒത്താശ ചെയ്തു.

2021 മുതല്‍ അന്‍സില്‍ തുമ്പ പോലീസ് സ്റ്റേഷനിലുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പാസ്പോര്‍ട്ട് വേരിഫിക്കേഷന്‍ ഡ്യുട്ടിയിലും. വ്യാജ പാസ്പോര്‍ട്ട് സംഘം വാടകയ്‌ക്കെടുത്ത വീടിന്റെ വിലാസത്തില്‍ വരുന്ന അപേക്ഷകളെല്ലാം അന്‍സില്‍ പരിശോധനയില്ലാതെ പാസാക്കി വിടുകയായിരുന്നു. മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ കൈവശമാണ് ഫയല്‍ എത്തുന്നതെങ്കില്‍ തനിക്ക് പരിചയമുള്ള ആളെന്ന് വരുത്തി സ്വാധീനത്തിലുടെ വേരിഫിക്കേഷന്‍ പാസാക്കും.

നിരവധി ക്രിമനില്‍ കേസുകളില്‍ പ്രതികളായവരും ഈ സംഘത്തിന്റെ ഒത്താശയോടെ പാസ്പോര്‍ട്ട് സംഘടിപ്പിച്ചുവെന്നാണ് വിവരം. മറ്റേതെങ്കിലും തരത്തില്‍ അപകടകാരികളായവര്‍ ഈ സംഘത്തെ ഉപയോഗിച്ച് പാസ്പോര്‍ട്ട് സംഘടിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവര്‍ നല്‍കിയ പാസ്പോര്‍ട്ട് ഉപയോഗിച്ച് രാജ്യം വിട്ടവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

കേസില്‍ അന്‍സിലിന് മുമ്പ് ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. പാസ്പോര്‍ട്ട് അപേക്ഷകരായ നാലുപേരെ കൂടാതെ വ്യാജരേഖ ചമച്ച മണക്കാട് സ്വദേശി കമലേഷ്, ഇടനിലക്കാരന്‍ മണ്‍വിള സ്വദേശി പ്രശാന്ത് എന്നിവരാണ് അറസ്റ്റിലായത്. വ്യാജരേഖ ചമച്ച് പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ ശ്രമിച്ചതിന് കൊല്ലം സ്വദേശികളായ സഫറുള്ള, ബദറുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, എഡ്വേര്‍ഡ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.

Back to top button
error: