KeralaNEWS

രാജിവച്ചിട്ടില്ലെന്ന് സരയു, വ്യക്തിപരമായി എതിര്‍പ്പുണ്ടെന്ന് അനന്യ; കൂട്ടരാജിക്ക് പിന്നാലെ വീണ്ടും അമ്മയില്‍ ഭിന്നത

കോഴിക്കോട്: അമ്മ കൂട്ടരാജി തീരുമാനം തള്ളി എക്‌സിക്യുട്ടീവ് അംഗം സരയു മോഹന്‍. താന്‍ രാജിവച്ചിട്ടില്ല. ഇപ്പോഴും നിര്‍വാഹക സമിതി അംഗമാണ്. കോലാഹലങ്ങളില്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് മോഹന്‍ലാല്‍ രാജിവച്ചതെന്നും സരയു ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

സരയുവിന്റെ വാക്കുകള്‍:

Signature-ad

ഞാനിതുവരെ കമ്മിറ്റിയില്‍ രാജി സമര്‍പ്പിച്ചിട്ടില്ല. അമ്മ യോഗത്തിലും അങ്ങനെയൊരു നിലപാടാണ് എടുത്തത്. കൂട്ടരാജിയുടെ കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു. കുറച്ചുപേര്‍ അതില്‍ ഉറച്ചുനില്‍ക്കുന്നുണ്ട്. ‘അമ്മ’ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാര്‍ത്താസമ്മേളനമായിരുന്നില്ല അത്. അമ്മയും ചലച്ചിത്ര മേഖലയിലെ എല്ലാ പ്രവര്‍ത്തകരും അഡ്രസ് ചെയ്ത് നടത്തപ്പെടേണ്ടിയിരുന്ന ഒരു വാര്‍ത്താസമ്മേളനമായിരുന്നു. അതുതന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലും പങ്കുവച്ചിട്ടുള്ള അഭിപ്രായം.

ഇത്തരം കോലാഹലങ്ങളിലും ഇടപെടലുകളിലും താല്‍പര്യമില്ലാത്ത അദ്ദേഹത്തിന്റേതായ സൈലന്റ് സ്‌പേസില്‍ ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് മോഹന്‍ലാല്‍. ഒരുപക്ഷേ അതായിരിക്കാം അദ്ദേഹത്തെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. നാളെ മുതല്‍ നമ്മളോട് സഹകരിക്കില്ല എന്ന രീതിയിലൊന്നുമല്ല അദ്ദേഹം സംസാരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്നാണ് ജനറല്‍ സെക്രട്ടറി സിദ്ദിഖ് പറഞ്ഞത്. ഞാനും വ്യക്തിപരമായി സ്വാഗതം ചെയ്യുന്നു. ആരോപണങ്ങള്‍ വരികയാണെങ്കില്‍ തെളിയിക്കപ്പെടണമെന്നും വിശ്വസിക്കുന്നു. അമ്മയിലെ അംഗങ്ങള്‍ വോട്ട് ചെയ്ത് എക്‌സിക്യൂട്ടിവിലേക്ക് എത്തിയ ഒരാളാണ് ഞാന്‍. ആ ഒരു ഉത്തരവാദിത്തം എനിക്കുണ്ട്. അതുകൊണ്ട് അവരോട് ഉത്തരം പറയേണ്ട ബാദ്ധ്യത ഉണ്ടെന്നും ഞാന്‍ കരുതുന്നു.

ഒരേ സമയത്ത് കോടികള്‍ വാങ്ങുകയും മറുവശത്ത് കൈനീട്ടം പ്രതീക്ഷിച്ചിരിക്കുന്ന മറ്റൊരു വിഭാഗവും ഒരു കുടക്കീഴിലുള്ള സംഘടനയാണ് അമ്മ. വളരെ സാധാരണക്കാരായ അംഗങ്ങള്‍ അമ്മയിലുണ്ട്. അവരെ നിരാശപ്പെടുത്താന്‍ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല, പക്ഷെ ആ ചെറിയൊരു ശ്രമം ആത്മാര്‍ത്ഥമായി അംഗങ്ങള്‍ക്കു വേണ്ടി എന്റെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. ഓരോ വോട്ടും ഞാന്‍ വിലകല്‍പിക്കുന്നു. അതുകൊണ്ട് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും.

അമ്മ ഭരണസമിതി അങ്ങനെ പിരിച്ചുവിടേണ്ടിയിരുന്നില്ല. ഒരുപാട് പ്രതീക്ഷകളോടെയാണ് ഞാന്‍ ആ കമ്മിറ്റിയിലേക്ക് എത്തുന്നത്. അമ്മയിലെ കുടുംബാംഗങ്ങള്‍ക്കു വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിക്കണം എന്ന ആഗ്രഹത്തോടെ വന്നതാണ്. തെറ്റ് ചെയ്യാതെ ഭയന്നോടുന്നത് എനിക്ക് വ്യക്തപരമായി അംഗീകരിക്കാന്‍ സാധിക്കില്ല. സംഘടനക്കുള്ളില്‍ ഒരു തലമുറമാറ്റം വേണമെന്ന് ഞാന്‍ പറയില്ല. കാരണം തലമുറ ഏതായാലും കാര്യപ്രാപ്തിയുള്ളവര്‍, നയിക്കാന്‍ കെല്‍പുള്ളവര്‍, ദീര്‍ഘവീഷണമുള്ളവര്‍ വരണം. കുടുംബത്തെ ആശ്രയിച്ചു നില്‍ക്കുന്നവരെ ഒറ്റക്കെട്ടായി സധൈര്യം നയിക്കാന്‍ കഴിയുന്നവര്‍ വരട്ടെ എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ തലമുറയിലെ ആളുകള്‍ക്കുള്ള അനുഭവ പരിജ്ഞാനം നമുക്കുണ്ടാകണമെന്നില്ല. പുതിയ തലമുറയിലെ ആളുകള്‍ പങ്കുവയ്ക്കുന്ന ആശയങ്ങള്‍ പഴയ തലമുറക്ക് സാധിക്കണമെന്നുമില്ല.

അതിനിടെ, അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി നടി അനന്യയും രംഗത്തെത്തി. വ്യക്തിപരമായി തനിക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. മറ്റ് മൂന്ന് പേരുടെ കാര്യം താന്‍ പറയുന്നില്ല. ഭൂരിപക്ഷത്തിന്റെ തീരുമാനം കമ്മറ്റി പിരിച്ചു വിടണം എന്നായിരുന്നു. അതിനൊപ്പം നില്‍ക്കുന്നു എന്നും അനന്യ പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: