KeralaNEWS

ജനങ്ങളുടെ കൈയടി നേടുന്നയാള്‍ തന്നെ ജനറല്‍ സെക്രട്ടറി ആയേക്കും, സാദ്ധ്യത വര്‍ദ്ധിച്ചു

കൊച്ചി: ലൈംഗീകാരോപണ വെളിപ്പെടുത്തലുകളില്‍ പകച്ച് താര സംഘടന ‘അമ്മ’. ക്രൂരമായ ലൈംഗീക പീഡനാരോപണത്തം തുടര്‍ന്ന് സിദ്ദിഖിന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നു. അവിടേയും തീര്‍ന്നില്ല നടനും എം.എല്‍.എയുമായ മുകേഷിനെതിരെ ബാബുരാജിനെതിരെ… ആരോപണങ്ങള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ന് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവച്ചു. പ്രസിഡന്റ് മോഹന്‍ലാല്‍ ചെന്നൈയില്‍ നിന്ന് എത്താന്‍ വൈകുന്നതാണ് കാരണമായി പറയുന്നത്. യോഗം നാളെ നടക്കാനുള്ള സാദ്ധ്യതയുണ്ട്.

പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി നിര്‍ണായക എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നതെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങളുടെ ഗൗരവമേറിയ ചര്‍ച്ചയും നടക്കും. ജോയിന്‍ സെക്രട്ടറി ബാബു രാജിനാണ് ജനറല്‍ സെക്രട്ടറിയുടെ താത്കാലിക ചുമതല. സര്‍ക്കാര്‍ അന്വേഷണസംഘത്തെ പ്രഖ്യാപിച്ചതോടെ പൂര്‍ണമായും നിയമവഴിയില്‍ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി സിദ്ദിഖ് ഊട്ടിയില്‍ നിന്ന് ഇന്ന് കൊച്ചിയില്‍ മടങ്ങി എത്തും.

Signature-ad

ഹേമാ കമ്മറ്റി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോ എന്നതരത്തിലും ചര്‍ച്ച നടക്കുന്നുണ്ട്. അമ്മയുടെ നിയമം അനുസരിച്ച് 11 അംഗ എക്‌സിക്യൂട്ടീവില്‍ നിന്ന് ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാം.

സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്‌സിക്യൂട്ടീവിലുള്ളത്.സംഘടനയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറല്‍ സെക്രട്ടറിയുടേത്. മുതിര്‍ന്ന അംഗമായിരുന്ന സിദ്ദിഖ് മാറിയപ്പോള്‍ മറ്റൊരു മുതിര്‍ന്ന അംഗം വരേണ്ടെ എന്ന ചോദ്യവും സംഘടനയ്ക്കുള്ളില്‍ ഉയരുന്നുണ്ട്. ഇവിടെയാണ് വൈസ് പ്രസിഡന്റ് ജഗദീഷിന്റെ പേര് ഉയര്‍ന്നു വരുന്നത്.

ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ ജഗദീഷ് നടത്തിയ പ്രതികരണത്തിന് പൊതു സമൂഹത്തില്‍ നിന്ന് കിട്ടിയ കയ്യടിയും ജഗദീഷിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.എന്നാല്‍, വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ നിയമാവലിയില്‍ തിരുത്തല്‍ വേണം. അതിന് ജനറല്‍ ബോഡിക്ക് മാത്രമെ അധികാരമുള്ളൂ. അത്തരമൊരു നീക്കം ഈ സമയത്ത് അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതും സംശയമാണ്. ജനറല്‍ ബോഡി വിളിച്ചു ചേര്‍ത്താല്‍ ചില പൊട്ടിത്തെറികളൊക്കെ ഉണ്ടാകുമെന്ന് ചിലരെങ്കിലും ഭയക്കുന്നുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: