തിരുവനന്തപുരം: മലയാള സിനിമയില്‍ ഉയര്‍ന്നുവരുന്ന മീടൂ ആരോപണങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പുതിയ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാത്തിനും കോടതി ഉത്തരം പറയുമെന്ന് സുരേഷ് ഗോപി പ്രതികരിച്ചു.
”മാധ്യമങ്ങള്‍ക്കുള്ള ഒരു തീറ്റയാണ് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍. നിങ്ങള്‍ അതുവച്ച് കാശുണ്ടാക്കിക്കോളൂ. ഒരു വലിയ സംവിധാനത്തെ നിങ്ങള്‍ തകിടം മറിക്കുകയാണ്. ആടിനെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കുകയാണ് നിങ്ങള്‍. മാധ്യമങ്ങള്‍ സമൂഹത്തിന്റെ മാനസികാവസ്ഥയെ വഴി തെറ്റിക്കുകയാണ്.” സുരേഷ് ഗോപി പറഞ്ഞു.
ഒരു സ്വകാര്യ സന്ദര്‍ശനം കഴിഞ്ഞാണ് വരുന്നതെന്നും, അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അമ്മ ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ചോദിക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ ഓഫീസിലെ കാര്യവും വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വീട്ടിലെ കാര്യവും ചോദിക്കണമെന്ന വിചിത്രമായ ന്യായവും സുരേഷ് ഗോപി മുന്നോട്ട് വച്ചു.
കോടതിക്ക് ബുദ്ധിയും യുക്തിയും ഉണ്ട്. വിഷയത്തില്‍ കോടതി ഉചിതമായ തീരുമാനം എടുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഉയര്‍ന്നുവന്ന പരാതികളെല്ലാം ആരോപണത്തിന്റെ രൂപത്തിലാണെന്ന് ചൂണ്ടിക്കാണിച്ച സുരേഷ് ഗോപി മാധ്യമങ്ങളാണോ കോടതിയെന്നും ചോദിച്ചു.