തിരുവനന്തപുരം: തലസ്ഥാനത്ത് ഭീതി പടര്‍ത്തി തെരുവ് നായയുടെ ആക്രമണം. വൈകിട്ട് 5നും രാത്രി 8നും ഇടയില്‍ 38 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നേമം മുതല്‍ മുതല്‍ വഞ്ചിയൂര്‍ വരെയുള്ള ഭാഗത്താണ് നായ ആക്രമണം നടത്തിയത്.എല്ലാവരെയും ഒരേ നായയാണ് കടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നഗരമധ്യത്തില്‍ ആയുര്‍വേദ കോളജിന് സമീപം നായയെ ആളുകളെ കടിച്ചു കുടഞ്ഞു. കിലോമീറ്ററോളം ഓടിയാണ് നായ ആക്രമണം നടത്തിയത്.നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം ഓടി മറഞ്ഞ നായയ്ക്കായി രാത്രി വൈകിയും തിരച്ചില്‍ തുടരുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് കടിയേറ്റു.കടിയേറ്റവര്‍ നേമം ശാന്തിവിള ഗവ. താലൂക്ക് ആശുപത്രി, ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി.
ജനറല്‍ ആശുപത്രിയില്‍ 20 പേരും ശാന്തിവിളയില്‍ 9 പേരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 9 പേരുമാണ് ചികിത്സ തേടിയത്. ഗുരുതര പരുക്കേറ്റ മൂന്നു പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരുക്കേറ്റവരെ ശാന്തിവിള ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ നിന്ന് രാത്രി വൈകി മെഡിക്കല്‍ കോളജിലേക്ക് അയച്ചു.കടിയേറ്റവരില്‍ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്. നായയെ കണ്ടെത്താനായി കോര്‍പറേഷന്റെ 2 ഡോഗ് സ്‌ക്വാഡുകള്‍ തിരച്ചില്‍ തുടരുകയാണ്. ഒരേ നായയാണ് എല്ലാവരെയും ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍. വൈകിട്ട് 4ന് നേമം ഭാഗത്ത് നിന്നാണ് നായ ആക്രമണം ആരംഭിച്ചത്. ഈ ഭാഗത്ത് 8 പേര്‍ക്ക് കടിയേറ്റു. പാപ്പനംകോട്, കരമന, കൈമനം, ചാല, കിള്ളിപ്പാലം, വഞ്ചിയൂര്‍, ആയുര്‍വേദ കോളജ് ഭാഗത്തുള്ളവര്‍ക്കും നായയുടെ കടിയേറ്റു.ചികിത്സ തേടിയവര്‍ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള കുത്തിവയ്പു നല്‍കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തെരുവു നായയുടെ കടിയേറ്റ് ശാന്തിവിള താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ 7 പേരെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. കരകുളം മേക്കതില്‍ നടപ്പുര വീട്ടില്‍ നിര്‍മല (65), റസല്‍പുരം കാറാത്തല അഞ്ചു ഭവനില്‍ അരുണ്‍ പി.നായര്‍(29), തിരുമല തേലിഭാഗം ദേവി വിലാസത്തില്‍ ശ്രീദേവ് (29), തമലം മുട്ടക്കടവത്തൂര്‍ ലേഖ ഭവനില്‍ രഞ്ജിത് ലാല്‍ (25), കാരയ്ക്കാമണ്ഡപം നന്ദാവനില്‍ ശശിധരന്‍ നായര്‍ (74),കിളിമാനൂര്‍ പെങ്കില്‍കുന്ന് സരസ്വതി ഭവനില്‍ ഗോപകുമാര്‍( 56), പാപ്പനംകോട് കൊച്ചു പണയാറത്തല വീട്ടില്‍ രമ്യ (28)എന്നിവരാണ് ശാന്തിവിള പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരില്‍ പലരും ഇന്നലെ വൈകിട്ട് നേമത്ത് പല ഭാഗത്തായി ബസ് കാത്ത് നിന്നവരും ബസിറങ്ങി വീട്ടിലേക്കു നടന്നുപോയവരുമാണ്.