NEWSPravasi

പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; പ്രതിസന്ധി സൃഷ്ടിച്ച് വാടകനിരക്കില്‍ 30 ശതമാനം വര്‍ദ്ധന

അബുദാബി: കേരളത്തില്‍ നിന്നടക്കം അനേകം പ്രവാസികളാണ് ജോലി തേടി ദിവസേന യുഎയിലെത്തുന്നത്. യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലും അനേകം പ്രവാസികള്‍ ജീവിക്കുന്നുണ്ട്. എന്നാലിപ്പോള്‍ പ്രവാസികള്‍ക്ക് തിരിച്ചടിയാവുന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഔദ്യോഗിക വാടക സൂചിക അവതരിപ്പിച്ചതിന് പിന്നാലെ അബുദാബിയില്‍ വാടക നിരക്ക് 30 ശതമാനംവരെ വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാടക സൂചിക അവതരിപ്പിച്ചതോടെ ഉടമകള്‍ വാടക നിരക്കില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ട്. താമസ സൗകര്യങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ദ്ധിച്ചതോടെയാണിത്. അതേസമയം, ഔദ്യോഗിക സൂചികയേക്കാള്‍ വാടക കൂടുതലുള്ള പ്രദേശങ്ങളില്‍ നിരക്ക് കുറവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാനുള്ള അവസരവും പുതിയ പദ്ധതി നല്‍കുന്നു.

Signature-ad

ദാഫ്ര, അബുദാബി, അല്‍ ഐന്‍ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ ഔദ്യോഗിക വാടക സൂചിക കഴിഞ്ഞ ചൊവ്വാഴ്ചയാണ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റര്‍ ബോര്‍ഡായ അബുദാബി റിയല്‍ എസ്റ്റേറ്റ് സെന്റര്‍ പുറത്തിറക്കിയത്. സൂചികയിലൂടെ, വസ്തു വാങ്ങുന്നവര്‍ക്കും വാടകക്കാര്‍ക്കും സ്ഥലത്തിനും കിടപ്പുമുറികളുടെ എണ്ണവും അനുസരിച്ച് വാടക മൂല്യങ്ങള്‍ പരിശോധിക്കാന്‍ കഴിയും.

അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വാടകനിരക്ക് രണ്ട് ശതമാനംവരെ ഉയര്‍ന്നതായും വികസിത പ്രദേശങ്ങളില്‍ പത്ത് ശതമാനംവരെ വര്‍ദ്ധിച്ചതായും റിയല്‍ എസ്റ്റേറ്റ് ഏജന്‍സിയായ ആസ്റ്റെകോ കണ്‍സള്‍ട്ടന്‍സി വ്യക്തമാക്കി.

അബുദാബിയില്‍ പുതുക്കുന്ന വാടക വര്‍ദ്ധനയ്ക്ക് അഞ്ച് ശതമാനം പരിധി ഉള്ളതിനാല്‍ നിലവിലുള്ള വാടകക്കാരെ നിരക്ക് വര്‍ദ്ധനവ് പെട്ടെന്ന് ബാധിച്ചേക്കില്ല. എമിറേറ്റില്‍ സ്ഥിരതാമസമാക്കുന്ന പുതിയ വാടകക്കാരില്‍ നിന്നുള്ള ഉയര്‍ന്ന ഡിമാന്‍ഡ് കാരണം സാദിയാത്ത് ദ്വീപ് പോലെയുള്ള ചില ജനപ്രിയ പ്രദേശങ്ങളിലെ വാടക നിരക്കില്‍ കഴിഞ്ഞ വര്‍ഷം ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിരുന്നു. അബുദാബിയിലെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം 3.8 ദശലക്ഷമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള എമിറേറ്റായി മാറയിരിക്കുകയാണ് അബുദാബി.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: