CrimeNEWS

അന്നു രാത്രി പ്രതി രണ്ടു വേശ്യാലയങ്ങളില്‍ പോയി, ആശുപത്രിയിലെത്തിയത് പുലര്‍ച്ചെ 1.03ന്; കൊല്‍ക്കത്ത ബലാത്സംഗക്കൊലയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊല്‍ക്കത്ത: ആര്‍.ജി. കാര്‍ മെഡി. േകാളജില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍, പ്രതി സഞ്ജയ് റോയ് അര്‍ധരാത്രി ആശുപത്രിയില്‍ പ്രവേശിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബ്ലൂ ടൂത്ത് ഇയര്‍ ഫോണ്‍ പ്രതിയുടെ കഴുത്തിലുള്ളതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ജീന്‍സും ടി ഷര്‍ട്ടും ധരിച്ച ഇയാളുടെ കയ്യില്‍ ഹെല്‍മെറ്റും ഉണ്ടായിരുന്നു. പുലര്‍ച്ചെ 1.03 നാണ് ഇയാള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നതെന്നാണ് സിസിടിവിയിലെ സമയം വ്യക്തമാക്കുന്നത്.

ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദിവസം രാത്രി 1.03 ന് ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് സഞ്ജയ് റോയ് കൊല്‍ക്കത്തയിലെ രണ്ട് വേശ്യാലയങ്ങളില്‍ പോയിരുന്നതായി പൊലീസ് പറഞ്ഞു. ഓഗസ്റ്റ് എട്ടിന് രാത്രി സോനാഗച്ചിയിലെത്തിയ പ്രതി മദ്യപിച്ചശേഷം, രണ്ട് വേശ്യാലയങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനുശേഷമാണ് പുലര്‍ച്ചെയോടെ ഇയാള്‍ ആശുപത്രിയിലേക്കെത്തിയത്.

Signature-ad

ആശുപത്രിയില്‍ കടന്ന പ്രതി സഞ്ജയ് റോയ്, നാലാം നിലയിലെ സെമിനാര്‍ ഹാളിന്റെ കോറിഡോറിലൂടെ പോകുന്നതും സിസിടിവി ദൃശ്യത്തിലുണ്ട്. ആ സമയം സെമിനാര്‍ ഹാളില്‍ ജൂനിയര്‍ ഡോക്ടര്‍ കിടന്നുറങ്ങുകയായിരുന്നു. സെമിനാര്‍ ഹാളില്‍ വെച്ചാണ് ജൂനിയര്‍ ഡോക്ടറെ മൃഗീയമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന സ്ഥലത്തു നിന്നും ബ്ലൂ ടൂത്ത് ഇയര്‍ഫോണ്‍ പൊലീസിന് ലഭിച്ചിരുന്നു.

പൊലീസ് ഇതു കണക്ട് ചെയ്തപ്പോഴാണ് സഞ്ജയ് റോയ് ആണ് കുറ്റവാളിയെന്ന് തിരിച്ചറിയുന്നത്. ചോദ്യം ചെയ്യലില്‍ സഞ്ജയ് റോയ് കുറ്റകൃത്യം ചെയ്തതായി സമ്മതിച്ചതായാണ് വിവരം. അതിനിടെ കേസ് അന്വേഷിക്കുന്ന സിബിഐ, പ്രതി സഞ്ജയ് റോയ്, ഡോക്ടറുടെ കൊലപാതകം നടന്ന ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷ് എന്നിവരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നുണപരിശോധനയിലൂടെ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: