KeralaNEWS

സാലറി ചലഞ്ചിന് സമ്മതം നല്‍കിയില്ലെങ്കില്‍ പിഎഫ് വായ്പയില്ല; കടുത്ത നീക്കവുമായി സര്‍ക്കാര്‍

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാനായി കൊണ്ടുവന്ന സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാരും ജീവനക്കാരും കൊമ്പുകോര്‍ക്കുന്നു. സാലറി ചലഞ്ചിന് തയ്യാറാകാത്ത ജീവനക്കാരെ വെല്ലുവിളിച്ച് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് നിസ്സഹരിക്കാന്‍ തീരുമാനിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ കടുപ്പിക്കുന്നത്.

സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്തവര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ല എന്നാണ് ഇപ്പോള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സ്പാര്‍ക്ക് സോഫ്‌റ്റ്വെയറില്‍ ശനിയാഴ്ച മുതല്‍ ഇത് നടപ്പാക്കാനുള്ള തിരുത്തല്‍ വരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ചിലൂടെ സംഭാവന ചെയ്യാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് മുന്നറിയിപ്പ്.

Signature-ad

ഇതോടെ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് അനുകൂല സംഘടന അറിയിച്ചു. അഞ്ചുദിവസത്തെ ശമ്പളമാണ് സാലറി ചലഞ്ചെന്ന പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്നത്. എന്നാല്‍, അഞ്ചുദിവസമെന്ന നിബന്ധന ഒഴിവാക്കണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം. അഞ്ചുദിവസത്തില്‍ കുറവ് ശമ്പളം സംഭാവന ചെയ്യാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷം സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.

അതിനിടെ, സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാണിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് സര്‍ക്കുലര്‍ പുറത്തിറങ്ങി. അഞ്ചുദിവസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കും. നിശ്ചിത സമയത്തിനുള്ളില്‍ സമ്മതപത്രം നല്‍കിയില്ലെങ്കിലും സമ്മതം നല്‍കിയതായി കണക്കാക്കുമെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: