CrimeNEWS

കഴക്കൂട്ടത്തുനിന്ന് കാണാതായ കുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി

വിശാഖപട്ടണം: വീട്ടുകാരോട് പിണങ്ങി വീടുവിട്ട അസം സ്വദേശിയായ 13-കാരി തസ്മിത്ത് തംസിയെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്. 37 മണിക്കൂറിന് ശേഷമാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. വിശാഖപട്ടണത്തുള്ള മലയാളി അസോസിയേഷന്‍ പ്രതിനിധികളാണ് കുട്ടിയെ കണ്ടെത്തിയത്. തംബരം എക്സ്പ്രസില്‍വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്. ബര്‍ത്തില്‍ കിടക്കുകയായിരുന്ന കുട്ടിയെ മലയാളി അസോസിയേഷന്‍ പ്രതിനിധികള്‍ കണ്ടെത്തി വിശാഖപട്ടണത്ത് ഇറക്കുകയായിരുന്നു. കുട്ടിയെ പിന്നീട് ആര്‍പിഎഫിന് കൈമാറി.

നേരത്തേ കന്യാകുമാരിയില്‍ നിന്ന് മറ്റൊരു ട്രെയിനില്‍ കയറി കുട്ടി ചെന്നൈയില്‍ എത്തിയതായി സ്ഥിരീകരണമുണ്ടായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് കണ്ടെത്താനായിരുന്നില്ല. ഗുവാഹത്തി ട്രെയിനില്‍ കുട്ടി കയറിയതായി സംശയമുണ്ടായിരുന്നു.

Signature-ad

കഴക്കൂട്ടം ബ്ലോക്ക് ഓഫീസിനു സമീപം താമസിക്കുന്ന അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകളാണ് തസ്മീക് തംസം. ചൊവ്വാഴ്ച രാവിലെ 10-മണിയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കള്‍ വൈകീട്ട് നാലോടെയാണ് വിവരം കഴക്കൂട്ടം പോലീസില്‍ അറിയിച്ചത്. പിന്നാലെ സിസിടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.

കുട്ടി കന്യാകുമാരിയിലേക്ക് പോയതായും കഴിഞ്ഞ ദിവസം തന്നെ വിവരം ലഭിച്ചിരുന്നു. ചൊവ്വാഴ്ച തമ്പാനൂരില്‍ നിന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ കുട്ടിയെ കണ്ടെന്ന് ഇതേ ട്രെയിനിലെ യാത്രക്കാരി പോലീസിനെ അറിയിച്ചതിനു പിന്നാലെ പോലീസ് കന്യാകുമാരിയിലും പരിശോധന നടത്തിയിരുന്നു. ട്രെയിനിലിരുന്ന് കരയുന്നതു കണ്ട് ഇവര്‍ കുട്ടിയുടെ ചിത്രം പകര്‍ത്തുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ വീട്ടില്‍ നിന്ന് അമ്മയോട് പിണങ്ങിപ്പോയതാണെന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. രാവിലെ സഹോദരിമാരുമായി വഴക്കിട്ടപ്പോള്‍ മാതാപിതാക്കള്‍ തസ്മീനെ ശകാരിച്ചിരുന്നു. തുടര്‍ന്ന് അവര്‍ ജോലിക്കു പോയി. ഉച്ചയ്ക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്നു മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: