CrimeNEWS

ജെസ്‌ന കേസില്‍ ലോഡ്ജ് ഉടമയേയും മുന്‍ ജീവനക്കാരിയേയും ചോദ്യംചെയ്യും; സിബിഐ നാളെ മുണ്ടക്കയത്ത്

കോട്ടയം: ജെസ്‌ന തിരോധാന കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ പശ്ചാത്തലത്തില്‍ സി.ബി.ഐ സംഘം ചൊവ്വാഴ്ച മുണ്ടക്കയത്തെത്തും. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് പറഞ്ഞ ലോഡ്ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴി സി.ബി.ഐ രേഖപ്പെടുത്തും. ഇതുസംബന്ധിച്ച നിര്‍ദേശം ജീവനക്കാരിക്ക് അന്വേഷണസംഘം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ ഇവരുമായി ഫോണില്‍ സംസാരിച്ച സിബിഐ സംഘം പ്രാഥമിക വിവരങ്ങളെല്ലാം ശേഖരിച്ചു. ജീവനക്കാരിയുടെ മൊഴിയ്ക്ക് എത്രമാത്രം വിശ്വാസ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. ലോഡ്ജ് ഉടമയെയും സിബിഐ ചോദ്യംചെയ്യും. ലോഡ്ജിന്റെ രജിസ്റ്റര്‍ പിടിച്ചെടുത്ത് പരിശോധിക്കാനാണ് നീക്കം.

Signature-ad

കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് മുണ്ടക്കയത്തെ ലോഡ്ജില്‍വെച്ച് ജെസ്നയെ കണ്ടെന്ന് കഴിഞ്ഞദിവസമാണ് ലോഡ്ജിലെ മുന്‍ ജീവനക്കാരി വെളിപ്പെടുത്തിയത്. ലോഡ്ജില്‍വെച്ച് കണ്ടത് ജെസ്നയെയാണെന്ന് മനസിലായത് പിന്നീട് പത്രത്തില്‍ ഫോട്ടോ കണ്ടപ്പോഴാണെന്നും ലോഡ്ജുടമയുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇക്കാര്യം അന്ന് വെളിപ്പെടുത്താതിരുന്നതെന്നുമാണ് ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

അന്ന് ലോഡ്ജില്‍ ഒരു പയ്യന്‍ ജെസ്നയ്ക്കൊപ്പം ഉണ്ടായിരുന്നതായും മൂന്നോ നാലോ മണിക്കൂര്‍ ഇവര്‍ അവിടെ ചിലവഴിച്ചെന്നും ജീവനക്കാരി പറഞ്ഞു. അതേസമയം, മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തലും ആരോപണവും തെറ്റാണെന്നും തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് ഇതിനുപിന്നിലെന്നുമായിരുന്നു ലോഡ്ജുടമ ബിജു സേവ്യറുടെ പ്രതികരണം. ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജെസ്‌നയുടെ പിതാവ് ജെയിംസും തള്ളിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കേസില്‍ സി.ബി.ഐ. കൃത്യമായ അന്വേഷണം നടത്തുന്നുണ്ടെന്നും ജെസ്നയുടെ പിതാവ് ജെയിംസ് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: