IndiaNEWS

അര്‍ധരാത്രിയില്‍ ഹോട്ടലില്‍ നേതാക്കളുമായി കൂടിക്കാഴ്ച; ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.ജെ.പിയിലേക്ക്?

ന്യൂഡല്‍ഹി: ബിജെപിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെ.എം.എം. മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കൊല്‍ക്കത്തയില്‍ എത്തി പാര്‍ക്ക് ഹോട്ടലില്‍ വെച്ച് ബി.ജെ.പി. നേതാക്കളുമായി ചര്‍ച്ചനടത്തിയതായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ്. റിപ്പോര്‍ട്ട് ചെയ്യുന്നു. എയര്‍ ഇന്ത്യ വിമാനത്തില്‍ രാവിലെയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹിയില്‍ എത്തുന്ന ചംപയ് സോറന്‍ മുതിര്‍ന്ന ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

അതേസമയം, ബിജെപിയിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് ചംപയ് സോറന്‍ ഒഴിഞ്ഞുമാറി. ‘ഏത് തരത്തിലുള്ള അഭ്യൂഹങ്ങളാണ് പരക്കുന്നത് എന്ന കാര്യത്തില്‍ എനിക്ക് വ്യക്തമല്ല. അതുകൊണ്ട് തന്നെ ഇത് ശരിയാണോ അല്ലേ എന്ന കാര്യം പറയാനും ഇപ്പോള്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇപ്പോള്‍ എവിടെയാണോ അവിടെത്തന്നെയാണ്’- ചംപയ് സോറന്‍ പ്രതികരിച്ചു.

Signature-ad

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ഹേമന്ത് സോറന്‍ രാജിവെച്ച് ജയിലില്‍ പോയതോടെയാണ് ചംപയ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയായത്. ഹേമന്ത് സോറന്‍ ജാമ്യംലഭിച്ച് തിരിച്ചെത്തിയതോടെ അഞ്ചുമാസത്തിനുശേഷം വീണ്ടും മുഖ്യമന്ത്രിപദത്തിലെത്തിയിരുന്നു. ഹേമന്ത് സോറന് വഴിയൊരുക്കുന്നതിന് ചംപയ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയാണ് ഉണ്ടായത്. എന്നാല്‍, ഈ നടപടിയില്‍ ചംപയ് സോറന്‍ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം.

Back to top button
error: