KeralaNEWS

വനിതാ ഡോക്ടറുടെ കൊലപാതകം: 24 മണിക്കൂര്‍ പണിമുടക്കിന് IMA; കേരളത്തിലും ഡ്യൂട്ടി ബഹിഷ്‌കരിക്കും

തിരുവനന്തപുരം: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങും. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ആണ് സമരം പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും. അത്യാഹിത വിഭാഗങ്ങളില്‍ സേവനമുണ്ടാകും.

രാജ്യവ്യാപകമായി പണിമുടക്കുമെന്ന് ഐ.എം.എ നേരത്തെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആറ് മുതല്‍ ശനിയാഴ്ച രാവിലെ ആറ് വരെ 24 മണിക്കൂറാണ് പ്രതിഷേധം. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ( AIFGDA) ദേശീയ തലത്തില്‍ കരിദിനം ആചരിക്കും. കെജിഎംഒഎയും പ്രതിഷേധ ദിനത്തില്‍ പങ്കു ചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു.

Signature-ad

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ട്രെയിനിയായ വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയര്‍ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: