IndiaNEWS

‘രാംലല്ല’ ശില്‍പി അരുണ്‍ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നിഷേധിച്ചു

ന്യൂഡല്‍ഹി: അയോദ്ധ്യ രാം ലല്ല ശില്‍പി അരുണ്‍ യോഗിരാജിനും കുടുംബത്തിനും അമേരിക്ക വിസ നഷേധിച്ചതായി റിപ്പോര്‍ട്ടുകള്‍. വിര്‍ജീനിയയിലെ റിച്ച്മണ്ടില്‍ നടക്കുന്ന വേള്‍ഡ് കന്നഡ കോണ്‍ഫറന്‍സ് 2024 പരിപാടിയില്‍ പങ്കെടുക്കാന്‍ അവര്‍ വിസയ്ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇത് നിഷേധിക്കുകയായിരുന്നുവെന്നാണ് വിവരം.

എന്തുകൊണ്ടാണ് അപേക്ഷ നിരസിച്ചതെന്നതിന് യുഎസ് എംബസി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിസ നിഷേധിച്ചതില്‍ അരുണ്‍ യോഗിരാജും കുടുംബവും നിരാശ പ്രകടിപ്പിച്ചു. മൈസൂരു സ്വദേശിയാണ് അരുണ്‍ യോഗിരാജ്. കൂടാതെ അഞ്ചാം തലമുറയിലെ ശില്‍പികളുടെ കുടുംബത്തില്‍ നിന്നുള്ളയാളുമാണ്.

Signature-ad

മൈസൂര്‍ സര്‍വകലാശാലയില്‍ നിന്ന് എംബിഎ നേടിയ അരുണ്‍ യോഗിരാജ് ഒരു സ്വകാര്യ കമ്പനിയുടെ എച്ച് ആര്‍ വിഭാഗത്തില്‍ ആറുമാസം പരിശീലനം നേടിയിരുന്നു. എന്നാല്‍ പിന്നീട് സ്വകാര്യ മേഖലയിലെ ജോലി ഉപേക്ഷിച്ച് കുടുംബ പാരമ്പര്യവുമായി മുന്നോട്ട് പോയി. ഇതിനിടെയാണ് രാം ലല്ലയുടെ ശില്‍പം ചെയ്യുന്നത്.

അഞ്ച് വയസുള്ള രാമന്റെ വിഗ്രഹമായ രാം ലല്ല (ബാലനായ രാമന്‍) ആണ് അയോദ്ധ്യയിലെ പ്രധാന ആരാധനാമൂര്‍ത്തി. 51 ഇഞ്ച് ആണ് വിഗ്രഹത്തിന്റെ ഉയരം. 150 – 200 കിലോ ഭാരം. ക്ഷേത്രസമുച്ചയത്തിന്റെ താഴത്തെ നിലയിലെ ഗര്‍ഭഗൃഹത്തിലാണ് (ശ്രീകോവില്‍) രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

Back to top button
error: