കൊല്‍ക്കത്ത: ബംഗാളില്‍ ആര്‍.കെ. കര്‍ മെഡിക്കല്‍ കോളേജില്‍ അതിക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തോട് ആദ്യഘട്ടത്തില്‍ പോലീസ് അറിയിച്ചത് മകള്‍ ആത്മഹത്യ ചെയ്തു എന്നായിരുന്നുവെന്ന് കുടുംബം. എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തണമെന്നും മകള്‍ ആത്മഹത്യ ചെയ്തു എന്നും അറിയിച്ചായിരുന്നു ആശുപത്രിയില്‍ നിന്ന് കോള്‍ വന്നതെന്ന് കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവ് പറഞ്ഞു. എന്നാല്‍ മൂന്ന് മണിക്കൂറോളം ആരേയും അകത്ത് കടത്താതെ പുറത്ത് കാത്ത് നിര്‍ത്തിയെന്നും കുടുംബം ആരോപിച്ചു. ആദ്യഘട്ടത്തില്‍ ആത്മഹത്യ എന്ന് വരുത്തിത്തീര്‍ത്ത കൊല്‍ക്കത്ത പോലീസ് പിന്നീട് തിരുത്തുകയായിരുന്നു.
മകളെ ഒരുനോക്ക് കാണണമെന്ന് ആശുപത്രി അധികൃതരോട് വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ കേണപേക്ഷിച്ചു. എന്നാല്‍ അവര്‍ മൂന്നു മണിക്കൂറോളം മാതാപിതാക്കളെ കാത്തുനിര്‍ത്തിയെന്നും ഡോക്ടറുടെ ബന്ധു പറഞ്ഞു. മൂന്ന് മണിക്കൂറിന് ശേഷം അകത്തോട്ട് പോകാന്‍ പിതാവിന് അവര്‍ അനുമതി നല്‍കി. അകത്തേക്ക് പോയി തിരിച്ചെത്തിയ പിതാവിന്റെ ഫോണില്‍ മകളുടെ ഫോട്ടോ എടുക്കാന്‍ അനുവദിച്ചിരുന്നു. അവളുടെ ശരീരത്തില്‍ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവളുടെ കാലുകള്‍ 90 ഡിഗ്രിയില്‍ വളഞ്ഞിട്ടായിരുന്നു ഉണ്ടായിരുന്നത്. ഇടുപ്പെല്ല് പൊട്ടാതെ ഇത്തരത്തില്‍ സംഭവിക്കില്ല- ഡോക്ടറുടെ ബന്ധു ഇന്ത്യ ടുഡേയോട് പറഞ്ഞു.
കൊലപാതകത്തില്‍ സംശയങ്ങളും അഭ്യൂഹങ്ങളും ബാക്കിയാവുകയാണ്. കേസില്‍ അറസ്റ്റിലായ സഞ്ജയ് റോയിക്ക് ഒറ്റയ്ക്ക് കൃത്യം നടത്താനാകുമോ എന്ന സംശയവും സംഭവവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചില ഓഡിയോക്ലിപ്പുകളുമാണ് ചര്‍ച്ചയാകുന്നത്. അതേസമയം, നിലവില്‍ സഞ്ജയ് റോയി മാത്രമാണ് കേസിലെ പ്രതിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ലെന്നും പോലീസ് പറയുന്നു. കേസ് സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ നിന്നുള്ള സി.ബി.ഐ സംഘം ബുധനാഴ്ച കൊല്‍ക്കത്ത വിമാനത്താവളത്തിലെത്തി സി.ബി.ഐ സംഘത്തോടൊപ്പം ഫോറന്‍സിക് ഉദ്യോ?ഗസ്ഥരും മെഡിക്കല്‍ വിദഗ്ധരുമുണ്ട്. ഇവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് കൊല്‍ക്കത്ത പോലീസുമായി കൂടിക്കാഴ്ച നടത്തിയേക്കും.