ലഖ്‌നൗ: ഹെര്‍ണിയ ശസ്ത്രക്രിയക്കെത്തിയ യുവാവിന്റെ വയറ്റില്‍ സ്ത്രീ പ്രത്യുത്പാദന അവയവങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ് ഡോക്ടര്‍മാരെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗര്‍ഭാശയവും അണ്ഡാശയവും ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.
കടുത്ത വയറുവേദനയെത്തുടര്‍ന്നാണ് 46 കാരനായ രാജ്ഗിര്‍ മിസ്ത്രി ആശുപത്രിയിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹെര്‍ണിയയാണ് വയറുവേദനയുടെ കാരണമെന്ന് മനസിലായ ഡോക്ടര്‍മാര്‍ ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു.രണ്ട് കുട്ടികളുടെ പിതാവായ മിസ്ത്രിക്ക് കുറച്ച് നാളായി വയറ്റില്‍ ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അള്‍ട്രാസൗണ്ട് പരിശോധനയില്‍ അടിവയറ്റിലെ മാംസകഷ്ണം മറ്റ് ആന്തരാവയവങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായും അതുമൂലം ഹെര്‍ണിയ ഉണ്ടായതായും ഡോക്ടര്‍മാര്‍ കണ്ടെത്തി.
തുടര്‍ ചികിത്സക്കായി ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജിലെത്തുകയായിരുന്നു. ബിആര്‍ഡി മെഡിക്കല്‍ കോളജിലെ പ്രൊഫസര്‍ ഡോ.നരേന്ദ്ര ദേവിന്റെ നേതൃത്വത്തിലാണ് മിസ്ത്രിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അപ്പോഴാണ് മിസ്ത്രിയുടെ വയറ്റിലെ മാംസക്കഷ്ണം ഗര്‍ഭപാത്രമാണെന്നും അതിനോട് ചേര്‍ന്ന് ഒരു അണ്ഡാശയമാണെന്നും കണ്ടെത്തിയത്. ഇവയും പിന്നീട് നീക്കം ചെയ്തു.
ശസ്ത്രക്രിയക്ക് ശേഷം രാജ്ഗിര്‍ മിസ്ത്രി പൂര്‍ണ ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ജന്മനാ ശരീരത്തിലുണ്ടായ ജനിതകവൈകല്യമാണെന്നും പ്രത്യുല്‍പാദന അവയവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോ. ദേവ് പറഞ്ഞു.