ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ അനിശ്ചിതത്വം തുടരുകയും സിബിഎല്‍ ഉപേക്ഷിക്കുകയും ചെയ്തതോടെ ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള കളിവള്ളങ്ങള്‍ തിരികെ മാലിപ്പുരയിലേക്കു കയറി. കൊട്ടും കുരവയും, ആരവങ്ങളുമായി നീരണഞ്ഞ വള്ളങ്ങള്‍ നിരാശയോടെയാണു നാട്ടുകാര്‍ തിരികെ കയറ്റി വയ്ക്കുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ഒരു മാസത്തില്‍ അധികമായി പരിശീലനത്തില്‍ ഏര്‍പ്പെട്ടിരുന്ന മുഖ്യധാര ക്ലബ്ബുകളുടെ ഉള്‍പ്പെടെയുള്ള തുഴച്ചില്‍ താരങ്ങള്‍ പരിശീലനം ഉപേക്ഷിച്ചു മടങ്ങി. പണ്ഡിറ്റ് ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ സ്മരണകള്‍ ഉണര്‍ത്തുന്ന ലോകപ്രശസ്ത നെഹ്‌റു ട്രോഫി ജലോത്സവം വയനാട് ദുരന്തത്തില്‍ മുങ്ങിയതോടെയാണു വള്ളംകളി തകിടം മറിഞ്ഞത്.
കാര്യങ്ങള്‍ അനിശ്ചിതമായി നീണ്ടതോടെ വിദേശത്തുനിന്നും, സ്വദേശത്തു നിന്നും എത്തിയ തുഴച്ചിലുകാര്‍ അവരവരുടെ സ്ഥലങ്ങളിലേക്കു മടങ്ങി. ഇതോടെയാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്യുകയും പരിശീലനത്തിനായി കൊണ്ടുപോകുകയും ചെയ്ത വള്ളങ്ങള്‍ മടക്കി കൊണ്ടുവന്ന് മാലിപ്പുരകളിലേക്കു കയറ്റി തുടങ്ങിയത്.ചാംപ്യന്‍സ് ബോട്ട് ലീഗില്‍പെട്ട ജലരാജാക്കന്മാരായ വള്ളങ്ങളെ മാസങ്ങള്‍ക്കു മുന്‍പു തന്നെ മുഖ്യധാരാ ക്ലബ്ബുകള്‍ ഏറ്റെടുത്തിരുന്നു. 25 ലക്ഷം മുതല്‍ ഒരു കോടി രൂപയ്ക്കു വരെയാണ് ചുണ്ടന്‍വള്ളത്തിന്റെ സമിതികളും ക്ലബ് ഭാരവാഹികളുമായി ഉടമ്പടി ഉണ്ടാക്കിയിരിക്കുന്നത്. 5 ലക്ഷം മുതല്‍ 40 ലക്ഷം വരെ വള്ളം സമിതികള്‍ ക്ലബ്ബുകള്‍ക്ക് അഡ്വാന്‍സും നല്‍കി. നെഹ്‌റു ട്രോഫിയും തുടര്‍ന്നു നടക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് കളികള്‍ക്കും വേണ്ടിയാണ് ഭീമമായ തുക നല്‍കി പരിശീലനം ആരംഭിച്ചത്.
വീയപുരം, പായിപ്പാട്, ആയാപറമ്പ് വലിയ ദിവാന്‍ജി, തലവടി, നിരണം തുടങ്ങി ഒട്ടേറെ വള്ളങ്ങള്‍ ഇതിനോടകം കയറ്റി വച്ചു. ലക്ഷങ്ങള്‍ പാഴായതിന്റെ പശ്ചാത്തലത്തില്‍ ഇനി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുക പോലും പ്രയാസകരമാകുമെന്ന് വള്ളം സമിതി ഭാരവാഹികള്‍ പറയുന്നു. ഓരോ ചുണ്ടന്‍ വള്ളം സമിതി ഭാരവാഹികളും കരകളില്‍നിന്നും സഹകാരികളില്‍നിന്നും പണം പിരിച്ചെടുത്താണ് ക്ലബ്ബുകള്‍ക്ക് നല്‍കിയത്. അതുകൊണ്ടുതന്നെ നഷ്ടത്തിന്റെ വ്യാപ്തി ഏറെ വലുതാണ്. ആയിരക്കണക്കിനു പ്രവാസികളാണ് നാലും അഞ്ചും ദിവസത്തെ അവധിയെടുത്ത് വള്ളംകളി കാണാന്‍ എത്തിയത്. അവരും സാമ്പത്തിക നഷ്ടവും നിരാശമായാണ് മടങ്ങിയത്.