
ആലപ്പുഴ: തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്കു മാറ്റിയെങ്കിലും മരണകാരണമറിയാന്‍ പോസ്റ്റുമോര്‍ട്ടം കഴിയുംവരെ കാത്തിരിക്കണം. ജനിച്ചപ്പോള്‍ത്തന്നെ കുഞ്ഞു മരിച്ചോ…അതോ കൊന്നതാണോ…ആണെങ്കില്‍ ആര്…എവിടെവെച്ച്… പോലീസ് ഉത്തരം തേടുന്നു. ബുധനാഴ്ച പുലര്‍ച്ചെ 1.30-നാണ് പൂച്ചാക്കലിലെ വീട്ടില്‍ മുറിയില്‍വെച്ച് യുവതി പ്രസവിച്ചത്. അച്ഛനുമമ്മയും സഹോദരനും വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ ആരും കേട്ടിരുന്നില്ലേയെന്ന സംശയവും ബാക്കി.
അതേസമയം, മകളുടെ പ്രണയബന്ധം അറിയാമായിരുന്നെന്നും വിവാഹത്തിന് ഇരുവീട്ടുകാരും സമ്മതിച്ചിരുന്നതാണെന്നും യുവതിയുടെ അമ്മ. മകള്‍ ഗര്‍ഭിണിയായിരുന്നത് അറിഞ്ഞില്ലെന്നും ലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. തകഴിയില്‍ നവജാതശിശുവിന്റെ മൃതദേഹം കുഴിച്ചിട്ടതായ വാര്‍ത്തയെത്തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണയൂണിറ്റിലെ സാമൂഹികപ്രവര്‍ത്തകയാണ് അമ്മയുടെ മൊഴിയെടുത്തത്.

ജയ്പുരില്‍നിന്നു ഫൊറന്‍സിക് സയന്‍സില്‍ ഡിഗ്രിയെടുത്തശേഷം തിരുവനന്തപുരത്ത് സ്റ്റേറ്റ് ലാബില്‍ ജോലിചെയ്യുകയായിരുന്നു യുവതി. കാമുകന്‍ തകഴിയിലുള്ളതാണെന്നും ജയ്പുരില്‍ ഹോട്ടല്‍ മാനേജ്മെന്റ പഠിച്ചിരുന്നെന്നും തുടര്‍ന്ന്, അമ്പലപ്പുഴയില്‍ ജലഅതോറിറ്റിയില്‍ ജോലിനോക്കിയിരുന്നതാണെന്നും അവര്‍ പറഞ്ഞു.
ഗര്‍ഭത്തിന്റേതായ ലക്ഷണങ്ങളൊന്നും മകളിലുണ്ടായിരുന്നില്ല. വയറുവേദനയെത്തുടര്‍ന്ന് കുത്തിവെപ്പെടുത്തിരുന്നു. തുടര്‍ന്ന്, രാവിലെ രക്തസ്രാവം കണ്ടതോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌കാനിങ്ങില്‍ പ്രസവം നടന്നതായി സൂചനയുള്ളതായി ഡോക്ടര്‍ പറഞ്ഞു.
തുടര്‍ന്ന്, മകളോട് അന്വേഷിച്ചപ്പോഴാണ് പ്രസവിച്ചതായും കാമുകനെവിളിച്ച് രാത്രിതന്നെ കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനായി കൊടുത്തുവിട്ടെന്നും പറഞ്ഞത്. കുട്ടിയെ പിന്നീട് എന്തുചെയ്‌തെന്നതു സംബന്ധിച്ച് മകള്‍ക്ക് അറിയില്ലെന്നും അമ്മ ശിശുസംരക്ഷണ യൂണിറ്റ് പ്രതിനിധിയോടു പറഞ്ഞു.
യുവതിയും മാതാപിതാക്കളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. റിപ്പോര്‍ട്ട് തുടര്‍നടപടിക്കായി ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്കു കൈമാറി.