കൊച്ചി: കൊച്ചിയിലെ അവസാനത്തെ ജൂതയും അന്തരിച്ചു. 89 വയസ്സുകാരി ക്വീനി ഹലേഗയാണ് മരിച്ചത്. പ്രമുഖ വ്യവസായിയും ജൂതപ്രമാണിയുമായിരുന്ന എസ്. കോഡറിന്റെ (സാറ്റു കോഡര്‍) മകളാണ്.
ക്വീനി ഹലേഗ്വയുടെ സംസ്‌കാരം ഞായറാഴ്ച മട്ടാഞ്ചേരിയിലെ ജൂത സെമിത്തേരിയില്‍ നടന്നു. ക്വീനിയുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ 2009ല്‍ മരിച്ചിരുന്നു. ഭര്‍ത്താവ് സാമുവേലിന്റെ കല്ലറയ്ക്കരികില്‍ അന്തിയുറങ്ങണമെന്നായിരുന്നു ക്വീനിയുടെ ആഗ്രഹം. ക്വീനിയുടെയും സാമുവലിന്റെയും മക്കള്‍ അമേരിക്കയിലാണ്.
ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ കമ്പനികളുടെ ഏജന്റും കേരളത്തിലെ ആദ്യ വൈദ്യുതി വിതരണ കമ്പനിയായ കൊച്ചിന്‍ ഇലക്ട്രിക് കമ്പനിയുടെ ഉടമയുമായിരുന്നു ക്വീനിയുടെ പിതാവ് എസ് കോഡര്‍. കൊച്ചിയിലെ പ്രശസ്തമായ സീലോര്‍ഡ് ഹോട്ടല്‍, കോഡര്‍ നിര്‍മിച്ചതാണ്. ക്വീനിയുടെ ഭര്‍ത്താവ് സാമുവല്‍ ഹലേഗ്വ ചേര്‍ത്തലയിലെ ഏറ്റവും വലിയ ഭൂപ്രഭുവായിരുന്നു.
ക്വീനി ഹലേഗ്വയുടെ മരണത്തോടെ കൊച്ചിയിലെ ജൂതവംശ ചരിത്രം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. മട്ടാഞ്ചേരിയിലെ ജൂതത്തെരുവില്‍ ഇനി അവശേഷിക്കുന്നത് ഒരേയൊരു യഹൂദന്‍ മാത്രമാണ്. പരദേശി സിനഗോഗ് മാനേജിങ് ട്രസ്റ്റിയായിരുന്ന ക്വീനിയുടെ ഭര്‍തൃസഹോദരിയുടെ മകന്‍ 65 വയസ്സുകാരനായ കീത്ത് ഹലേഗ്വയാണ് ഇനി കൊച്ചിയില്‍ അവശേഷിക്കുന്ന ഏക ജൂതന്‍.