വയനാട്: ജില്ലയിലുണ്ടായ ഭൗമ പ്രതിഭാസം ഭൂചലനമല്ലെന്ന് വിദഗ്ദ്ധര്‍. ഭൂകമ്പമാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. നാഷണല്‍ സീസ്മോളജിക്കല്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. ഉണ്ടായത് പ്രകമ്പനമാണെന്നും ഇതിന്റെ കാരണം അന്വേഷിക്കുകയാണെന്നും വിദഗ്ദ്ധര്‍ പറഞ്ഞു.
അതേസമയം, ഇടിവെട്ടുന്നതുപോലെയുള്ള ശബ്ദമാണ് കേട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലും പ്രകമ്പനമുണ്ടായി. കൂടരഞ്ഞിയിലും മുക്കത്തുമാണ് പ്രകമ്പനമുണ്ടായത്. ഒരു മിനിട്ടിനിടെ രണ്ട് തവണയാണ് മുഴക്കമുണ്ടായത്. വയനാട്ടിലെ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലാണ് ആദ്യം പ്രകമ്പനം അനുഭവപ്പെട്ടത്.
കുറിച്യര്‍മല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടയ്ക്കല്‍ ഗുഹ എന്നിവിടങ്ങളോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാര്‍ അറിയിച്ചു. തുടര്‍ന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ റവന്യു വകുപ്പ് നിര്‍ദേശം നല്‍കി. വില്ലേജ് ഓഫിസര്‍മാരോട് സംഭവസ്ഥലത്തെത്താന്‍ വൈത്തിരി തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. അമ്പലവയല്‍ ജിഎല്‍പി സ്‌കൂളിന് അവധി നല്‍കി. എടയ്ക്കല്‍ ഗുഹയ്ക്കു സമീപത്താണ് ഈ സ്‌കൂള്‍. സമീപത്തെ അങ്കനവാടിയിലും അവധി നല്‍കി.
ചെറിയതോതില്‍ ഭൂമികുലുക്കമുണ്ടായതായാണ് നാട്ടുകാര്‍ പറയുന്നത്. മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണു. അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും പ്രദേശത്ത് വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ ആര്‍എആര്‍എസ് പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍നിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉള്‍പ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. വയനാട് ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തും പ്രകമ്പനം ഉണ്ടായതാണ് സൂചന.