ധാക്ക: ബംഗ്ലദേശില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യന്‍ പൗരനുള്‍പ്പെടെ 24 പേരെ കലാപകാരികള്‍ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകര്‍ തീയിട്ടത്.
അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷന്‍ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളില്‍ വിദ്യാര്‍ഥികളും ജനങ്ങളും കാവല്‍ നില്‍ക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാന്‍ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളും കാവല്‍ നില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ ബംഗ്ലദേശ് മാധ്യമങ്ങളോട് പറഞ്ഞു.
ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശില്‍നിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ ധാക്കയില്‍നിന്ന് ഡല്‍ഹിയിലെത്തിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയില്‍നിന്ന് പുറപ്പെട്ടത്.