IndiaNEWS

ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടും ഹസീന കേട്ടില്ല; പണികൊടുത്തത് പട്ടാളമേധാവി

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്നറിയിപ്പ് അവഗണിച്ചതാണ് ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയുടെ അധികാരം നഷ്ടപ്പെടാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. സേനാമേധാവി ജനറല്‍ വഖാറുസ്സമാനെ 2023ല്‍ കരസേനാ മേധാവിയായി നിയമിക്കുന്നതിനെതിരെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വഖാറുസ്സമാന്റെ ചൈന അനുകൂല നിലപാടുകളെക്കുറിച്ചാണ് ഇന്ത്യ ഹസീനയെ അറിയിച്ചത്. ബംഗ്ലദേശില്‍ സര്‍ക്കാരിനെതിരെ കലാപമുണ്ടായപ്പോള്‍ അതു നിയന്ത്രിക്കുന്നതിനു പകരം ഷെയ്ക്ക് ഹസീനയോടും സഹോദരിയോടും രാജ്യം വിടാനാണ് സൈനിക മേധാവി ആവശ്യപ്പെട്ടത്. ബിഎന്‍പി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ മോചിപ്പിക്കാനുള്ള തീരുമാനം ജമാ അത്തെ ഇസ്ലാമി അടക്കമുള്ള പാര്‍ട്ടികളുടെ സ്വാധീനം വര്‍ധിപ്പിക്കുമെന്നും ഇന്ത്യ വിലയിരുത്തുന്നു.

Signature-ad

ഇന്ത്യാ വിരുദ്ധ നിലപാടാണ് ജമാ അത്തെ ഇസ്ലാമി ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. 2024 ജനുവരിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്നാണ് മത്സരിച്ചതെന്നുമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെ രാഷ്ട്രീയ സുഹൃത്തുക്കളെ അറിയിച്ചത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുന്നതിനാല്‍ കുടുംബത്തില്‍നിന്ന് ആരെയും പിന്‍ഗാമിയാക്കാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. പിന്‍ഗാമികള്‍ കൊല്ലപ്പെടുമെന്ന് അവര്‍ ഭയന്നു.

1971 ലെ ബംഗ്ലദേശ് വിമോചന പോരാട്ടത്തില്‍ പങ്കെടുത്തവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയിലുണ്ടായിരുന്ന 30% സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ആരംഭിച്ച വിദ്യാര്‍ഥി സമരമാണ് കലാപമായി വളര്‍ന്നത്. ആയിരക്കണക്കിനു പ്രക്ഷോഭകര്‍ അവാമി ലീഗ് ഓഫിസുകള്‍ക്കു തീവച്ചു. പ്രധാനമന്ത്രിയുടെ വസതിയായ ഗണഭബന്‍ കയ്യേറി. ഇതിനു മുന്‍പുതന്നെ ഹസീന സഹോദരിക്കൊപ്പം വസതി വിട്ടു.

15 വര്‍ഷമായി ഭരണത്തില്‍ തുടരുന്ന ഹസീനയുടെ രാജിക്കു കാരണമായ വിദ്യാര്‍ഥി പ്രക്ഷോഭം ആരംഭിച്ചത് ഒരു മാസം മുന്‍പാണ്. സുപ്രീം കോടതി ഇടപെടലോടെ അയവു വന്ന സമരം പെട്ടെന്നു രൂപം മാറി ഹസീനയുടെ രാജി ആവശ്യപ്പെട്ടുള്ള കലാപമായി മാറുകയായിരുന്നു. പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെയായിരുന്നു രണ്ടാംഘട്ട സമരം. ഷെയ്ഖ് ഹസീനയ്ക്ക് ഇനി രാഷ്ട്രീയ മടക്കമില്ലെന്നും സുരക്ഷയെക്കരുതി കുടുംബത്തിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അവര്‍ രാജ്യം വിട്ടതെന്നും മകനും മുന്‍ ഉപദേശകനുമായ സാജിബ് വസീദ് ലണ്ടനില്‍ പ്രതികരിച്ചു.

 

Back to top button
error: