ധാക്ക: ബംഗ്ലാദേില്‍ പാര്‍ലമെന്റംഗത്തിന്റെ് വസതിയില്‍നിന്ന് 5 കോടി രൂപ കണ്ടെടുത്തു. ഝല്‍കത്തി-2 മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം അമീര്‍ ഹുസൈന്‍ അമുവിന്റെ വസതിയില്‍നിന്നാണ് സൈന്യവും പൊലീസും ചേര്‍ന്ന് വിദേശ കറന്‍സി ഉള്‍പ്പെടെ ഏകദേശം 5 കോടി രൂപ കണ്ടെടുത്തത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടത്. തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി വന്‍തുക കണ്ടെടുക്കുകയായിരുന്നു.
ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഉച്ചക്ക് 12.30ഓടെ ഝല്‍കാത്തി നഗരത്തിലെ റൊണാള്‍സ് റോഡിലുള്ള അമീര്‍ ഹുസൈന്റെ വസതിക്ക് തീയിട്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രി 12 മണിയോടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വീണ്ടും തീ പടരുന്നത് നാട്ടുകാര്‍ കണ്ടു. പിന്നീട് വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് കത്തിനശിച്ച സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിവരം ഡെപ്യൂട്ടി കമ്മീഷണറെയും പൊലീസ് സൂപ്രണ്ടിനെയും അറിയിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി ലഗേജ് കണ്ടെടുത്തു.
ഒരു സ്യൂട്ട് കേസില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ ഒരു കോടി രൂപയും മറ്റൊരു ലഗേജില്‍ നിന്ന് ഭാഗികമായി കത്തിനശിച്ച 2 കോടി 77 ലക്ഷം രൂപയും കണ്ടെടുത്തു.കൂടാതെ, ഡോളറും യൂറോയുമടക്കം വിവിധ രാജ്യങ്ങളുടെ ഒരു കോടിയോളം രൂപ വിലമതിക്കുന്ന കറന്‍സിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.