ഏറ്റവും ശക്തമായ ആയുധം സമയമാണ്, പക്ഷേ ഉചിതമായി ഉപയോഗിച്ചില്ലെങ്കിൽ ഫലമണ്ടാവില്ല
വെളിച്ചം
രാജ്യാതിര്‍ത്തിക്കു സമീപമുള്ള വലിയ മലയുടെ മുകളിലൂടെ അവര്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് മലയടിവാരത്തില്‍ കൊള്ളക്കാരെ കണ്ടത്. കൂട്ടത്തിലൊരാള്‍ ഭയചകിതനായി പറഞ്ഞു:
”കുറച്ചകലെ സൈനിക കൂടാരമുണ്ട്. നമുക്ക് അങ്ങോട്ട് ഓടിപ്പോകാം. അവിടെ ആയുധങ്ങള്‍ ഉണ്ടാകാതിരിക്കില്ല…”
അതു കേട്ട് രണ്ടാമന്‍ പറഞ്ഞു:
“നമ്മുടെ കയ്യിലും ആയുധമുണ്ട്…”
അതും പറഞ്ഞ് അയാള്‍ മുന്നോട്ട് കുതിച്ചു. മലമുകളില്‍ നിന്നും വലിയ പാറക്കല്ലുകള്‍ താഴേയ്ക്ക് തുടരെ തുടരെ ഉരുട്ടിവിട്ടുകൊണ്ടേയിരുന്നു. ഇത് കണ്ട് മറ്റുള്ളവരും അതുപോലെ ചെയ്തു. അവസാനം മുകളിലേക്ക് കയറാന്‍ സാധിക്കാതെ കൊള്ളക്കാര്‍ പിന്തിരിഞ്ഞോടി. അതുകണ്ട് ആദ്യത്തെയാള്‍ ചോദിച്ചു.
“ഈ കല്ലാണല്ലേ നീ പറഞ്ഞ ആയുധം.”
അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു:
“കല്ലല്ല സമയമാണ് ആയുധം. കൊളളക്കാര്‍ മുകളിലെത്തിയാല്‍ നമുക്കവരെ തോല്‍പിക്കാനാകില്ല…”
സമയവും ആയുധമാണ്. ഏറ്റവും ശക്തമായ ആയുധം…! അത് കൃതമായി വിനിയോഗിച്ചാല്‍ നമുക്ക് വിജയത്തിലേക്ക് എത്താന്‍ സാധിക്കും.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ