IndiaNEWS

മനു ഭാക്കറിന് വെങ്കലം; പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ നേട്ടം

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് മനു.

ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ നാലു താരങ്ങള്‍ പുറത്തായി നാലു പേര്‍ മാത്രം ബാക്കിയായപ്പോള്‍ ഒന്നാം സ്ഥാനത്തെത്താന്‍ മനുവിന് 1.3 പോയിന്റുകള്‍ കൂടി മതിയായിരുന്നു. എന്നാല്‍, അവസാന അവസരങ്ങളില്‍ താരം വെങ്കല മെഡലിലേക്കെത്തുകയായിരുന്നു.

Signature-ad

ദക്ഷിണ കൊറിയന്‍ താരങ്ങള്‍ക്കാണ് ഈയിനത്തില്‍ സ്വര്‍ണവും വെള്ളിയും. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ അഞ്ചാം ഒളിംപിക്‌സ് മെഡലാണിത്. 2012 ലണ്ടന്‍ ഒളിംപിക്‌സില്‍ വിജയ് കുമാറാണ് ഇന്ത്യയ്ക്കായി അവസാനമായി ഷൂട്ടിങ് മെഡല്‍ നേടിയത്.

ടോക്കിയോ ഒളിംപിക്‌സില്‍ പിസ്റ്റല്‍ തകരാറിലായതിനെ തുടര്‍ന്ന് മനു ഭാകറിനു മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. 2022 ഏഷ്യന്‍ ഗെയിംസില്‍ മനു 25 മീറ്റര്‍ പിസ്റ്റല്‍ ടീമിനത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാംപ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റല്‍ ഇനത്തില്‍ സ്വര്‍ണം സ്വന്തമാക്കി. 25 മീറ്റര്‍ പിസ്റ്റല്‍, 10 മീറ്റര്‍ പിസ്റ്റല്‍ ടീമിനങ്ങളിലും മനു ഭാകര്‍ ഇന്ത്യയ്ക്കായി മത്സരിക്കാനിറങ്ങും.

Back to top button
error: