KeralaNEWS

കെ.കെ. ശിവരാമന്റെ സ്ഥാനചലനം: ഇടുക്കി സി.പി.ഐയില്‍ അസ്വസ്ഥത പുകയുന്നു

ഇടുക്കി: എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി സി.പി.ഐ നേതാവ് കെ.കെ. ശിവരാമന്‍. സത്യം പറയുമ്പോള്‍ ചിലര്‍ക്ക് അസ്വസ്ഥതകളുണ്ടാകുമെന്നും അത് സര്‍ക്കാര്‍ വിരുദ്ധമല്ലെന്നും അദ്ദേഹം മീഡിയ വണിനോട് പറഞ്ഞു. ആരുടെയെങ്കിലും മുഖപ്രസാദത്തിന് വേണ്ടി പറയേണ്ടത് പറയാതിരിക്കില്ലെന്നും ശിവരാമന്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ അതിരുകടന്നെന്ന വിമര്‍ശനം ഉയര്‍ന്നതോടെയാണ് കെ.കെ. ശിവരാമനെതിരെയുള്ള പടയൊരുക്കം പാര്‍ട്ടിയിലും മുന്നണിയിലും തുടങ്ങിയത്. ബാര്‍ കോഴ വിവാദത്തിലും ഇടുക്കിയിലെ കയ്യേറ്റ വിഷയങ്ങളിലുമുള്ള തുറന്നുപറച്ചില്‍ സര്‍ക്കാരിനെ തന്നെ വെട്ടിലാക്കി. പാര്‍ട്ടിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുള്ള അഭിപ്രായപ്രകടനങ്ങള്‍ ആരെയെങ്കിലും അസ്വസ്ഥതപ്പെടുത്തുന്നുണ്ടെങ്കില്‍ അത് വക വെക്കുന്നില്ലെന്നും ശിവരാമന്‍ തുറന്നടിച്ചു.

Signature-ad

ജില്ലയിലെ ഭൂപ്രശ്‌നങ്ങളെ ക്കുറിച്ച് താന്‍ ഇട്ട പല പോസ്റ്റുകളും ചിലര്‍ക്കൊക്കെ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. സത്യം ചിലതൊക്കെ അങ്ങനെയാണ്. സര്‍ക്കാര്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി ചില കാര്യങ്ങള്‍ നടക്കുമ്പോള്‍ അത് ചൂണ്ടിക്കാണിക്കുന്നത് സര്‍ക്കാര്‍ വിരുദ്ധമാണെന്ന് കരുതുന്നില്ല.

പതിനെട്ടാമത്തെ വയസ്സില്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന താന്‍ 16 വര്‍ഷം ജില്ലാ സെക്രട്ടറിയായിരുന്നു. അതില്‍ വലിയൊരു കാലയളവും സി.പി.എമ്മിനെ നേരിട്ടുകൊണ്ടാണ് പാര്‍ട്ടിയെ നയിച്ചതെന്നും ശിവരാമന്‍ പറഞ്ഞു.

2012 മുതല്‍ 2018 വരെ അത് രൂക്ഷമായിരുന്നു. മണിയാശാനും താനും രണ്ട് തട്ടില്‍ നിന്നിട്ടുണ്ട്. അന്നും സി.പി.ഐയെ പ്രതിക്കൂട്ടിലാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളും പ്രസ്താവനകളും നടന്നിട്ടുണ്ട്. അതെല്ലാം വിഷയാധിഷ്ടിതമാണ്.അപ്പോഴും എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളില്‍ യോജിപ്പായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ സ്ഥാനചലനത്തിന് പിന്നില്‍ സി.പി.എമ്മിലെയും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെയും നീക്കമാണെന്ന് പറയാതെ പറയുകയാണ് കെ.കെ. ശിവരാമന്‍. അതേസമയം നാല് ജില്ലകളിലും ജില്ല സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ ആയാല്‍ മതിയെന്നത് സംസ്ഥന കമ്മിറ്റി തീരുമാനമെന്നാണ് സി.പി.ഐ നേതൃത്വത്തിന്റെ ഔദ്യോഗിക വിശദീകരണം.

തുറന്നുപറച്ചിലും ഉറച്ച നിലപാടുകളുമായി പാര്‍ട്ടിയോടൊപ്പമുണ്ടാകുമെന്ന് പറയുമ്പോഴും ജില്ലയില്‍ പതിറ്റാണ്ടുകാലം സി.പി.ഐയെ നയിച്ച കെ.കെ. ശിവരാമന്റെ സ്ഥാനചലനം പാര്‍ട്ടിയിലും മുന്നണിയിലും തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന് ഉറപ്പാണ്.

 

Back to top button
error: