KeralaNEWS

അര്‍ദ്ധരാത്രി പൊലീസ് ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു; രണ്ടുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: തലസ്ഥാനത്ത് അര്‍ദ്ധരാത്രി പൊലീസ് ജീപ്പ് പാര്‍വതി പുത്തനാറിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്‌കൂള്‍ വാന്‍ മറിഞ്ഞ് നിരവധി കുട്ടികള്‍ മരിക്കാനിടയാക്കിയ അപകടം നടന്നതിന് തൊട്ടടുത്തായിരുന്നു ഇന്നലത്തെ അപകടവും. വെള്ളം കുറവായിരുന്നതിനാലാണ് പൊലീസുകാര്‍ രക്ഷപ്പെട്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പേട്ട പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇന്നു പുലര്‍ച്ചെ രണ്ടരയോടെ ആറ്റുവരമ്പ് എന്ന സ്ഥലത്തായിരുന്നു അപകടം. പാര്‍വതി പുത്തനാറിന് സമീപത്തെ ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കവെ ലൈറ്റ് പൊലീസ് ഡ്രൈവറുടെ കണ്ണുകളിലടിക്കുകയും തുടര്‍ന്ന് ജീപ്പ് നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് വീഴുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പാര്‍ശ്വഭിത്തി തകര്‍ത്തുകൊണ്ട് വലിയ ശബ്ദ്ധത്തോടെയാണ് വാഹനം ആറിലേക്ക് പതിച്ചത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒരു എസ്‌ഐയും ഡ്രൈവറും മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. ഇവര്‍ ഉടന്‍തന്നെ കരയ്ക്കുകയറി. ജീപ്പ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് കരയ്ക്കുകയറ്റി. പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

Signature-ad

2011 ഫെബ്രുവരി 17നാണ് സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞ് ആറു വിദ്യാര്‍ത്ഥികളും ആയയും മരിച്ചത്. ശ്വാസകോശത്തില്‍ വെള്ളം കയറുകയും തലയ്ക്ക് ക്ഷതമേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഒരു വിദ്യാര്‍ത്ഥി ഏഴുവര്‍ഷത്തിനുശേഷമാണ് മരിച്ചത്. തിരുവനന്തപുരം പേട്ട ലിറ്റില്‍ ഫ്‌ലവര്‍ കിന്റര്‍ഗാര്‍ട്ടനിലെ ബസായിരുന്നു അപകടത്തില്‍പ്പെട്ടത്. ബസിന്റെ അമിതവേഗതയായിരുന്നു അപകടകാരണമെന്നായിരുന്നു അന്വേഷണത്തില്‍ വ്യക്തമായത്.

Back to top button
error: