CrimeNEWS

പെങ്ങളുടെ കല്യാണം, അച്ഛന്റെ കടം… തൊഴിലുടമയെ കൊള്ളയടിച്ച 20 കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: തൊഴിലുടമയെ കൊള്ളയടിച്ച് 14.5ലക്ഷം കവര്‍ന്ന കേസില്‍ 20കാരനും കൂട്ടാളികളും അറസ്റ്റില്‍. സഹോദരിയുടെ വിവാഹം നടത്താനും പിതാവിന്റെ ലോണ്‍ അടയ്ക്കാനുമായിട്ടാണ് യുവാവ് വന്‍തുക മോഷ്ടിച്ചത്. മുകുന്ദ്പൂര്‍ സ്വദേശികളായ ഗൗതം(20), സഹോദരന്‍ ഗുഡ്ഡു (23), കുനാല്‍ (23), ഷക്കൂര്‍പൂര്‍ സ്വദേശി സുമിത് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ജിതേന്ദ്ര കുമാര്‍ മീണ പറഞ്ഞു.മറ്റൊരു പ്രതിയായ രോഹിത് ഒളിവിലാണ്.

ശനിയാഴ്ച പരാതിക്കാരനായ നമനും ഡ്രൈവര്‍ ഗൗതമും ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ ഹൈദര്‍പൂരിലേക്ക് പോകുകയായിരുന്നു. 14.5 ലക്ഷം രൂപ ചാക്കില്‍ കെട്ടിയ നിലയില്‍ ഓട്ടോറിക്ഷയില്‍ വച്ചിരുന്നു. കസ്തൂര്‍ബാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രേംപാടി അടിപ്പാതയ്ക്ക് സമീപം എത്തിയപ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ മോട്ടോര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്തവര്‍ റോഡില്‍ വീഴുകയും നമനും ഗൗതമുമായി വഴക്കിടുകയും ചെയ്തു. ബഹളത്തിനിടെ രണ്ട് പ്രതികള്‍ പണത്തിന്റെ ചാക്ക് മോഷ്ടിച്ച് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി ഡിസിപി പറഞ്ഞു.

Signature-ad

അന്വേഷണത്തിനിടെ പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചെങ്കിലും പ്രതികളെ തിരിച്ചറിയാനായില്ല. ഡ്രൈവര്‍ ഗൗതമിനെക്കുറിച്ച് സംശയം തോന്നിയ പൊലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കുറ്റകൃത്യത്തില്‍ ഗൗതമിനും പങ്കുള്ളതായി അറിയുന്നത്. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 11.56 ലക്ഷം രൂപയും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച രണ്ട് മോട്ടോര്‍സൈക്കിളുകളും കണ്ടെടുത്തു. കഴിഞ്ഞ ഒരു വര്‍ഷമായി നമന്റെ കീഴില്‍ ജോലി ചെയ്യുകയാണ് ഗൗതം. തനിക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നതുകൊണ്ടാണ് കൊള്ള നടത്തിയതെന്ന് ഗൗതം പൊലീസിനോട് പറഞ്ഞു.

 

Back to top button
error: