NEWSPravasi

നാലു വര്‍ഷത്തിനിടയില്‍ എന്‍എച്ച്എസില്‍ ബലാത്സംഗത്തിന് ഇരയായത് 33 സ്ത്രീകള്‍; ഒന്നില്‍ വില്ലന്‍ മലയാളി യുവാവ്; രോഗികളും ജീവനക്കാരും ഇരകള്‍

ലണ്ടന്‍: പതിനായിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ ഉള്ളവര്‍ക്ക് നാണക്കേടിന്റെ കിരീടം സമ്മാനിച്ചാണ് കഴിഞ്ഞ മാസം മലയാളി യുവാവ് 13 വര്‍ഷത്തേക്ക് ജയിലില്‍ എത്തിയത്. ജോലിയില്‍ കയറി വെറും 12 ദിവസത്തിനകം നാല്‍പതുകാരിയായ രോഗിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ യുവാവ് പോലീസ് ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണ് എന്ന് വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍, നിരപരാധിയാണ് എന്ന അവകാശവാദം ഇയാള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി പ്രത്യേക വിചാരണയും സൗകര്യവും പ്രതിക്കായി ഏര്‍പ്പെടുത്തിയാണ് പഴുതടച്ച നിലയില്‍ കേസിന്റെ വഴിത്താരകള്‍ പിന്നിട്ടത്. തെളിവുകള്‍ ഒന്നൊന്നായി നിരത്തി പോലീസ് രംഗത്ത് വന്നതോടെ ഒരു ഘട്ടത്തില്‍ പ്രതിയായ മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും അവസാന ഘട്ടത്തില്‍ വീണ്ടും മൊഴി മാറ്റത്തിനു ശ്രമിക്കുകയും ചെയ്തിരുന്നു.

Signature-ad

പക്ഷെ നീതിയുടെ കരങ്ങളില്‍ നിന്നും നിസാരമായി രക്ഷപെടാന്‍ കഴിയാതെ വന്നതോടെ നീണ്ട 13 വര്‍ഷത്തേക്കാണ് ഇയാളെ ജയിലില്‍ ഇട്ടിരിക്കുന്നത്. ഈ സംഭവം യുകെയില്‍ വ്യാപകമായ ചര്‍ച്ചക്കും കാരണമായി മാറിയിരുന്നു. ഇപ്പോള്‍ ഇതടക്കം കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 33 സ്ത്രീകള്‍ എന്‍എച്ച്എസില്‍ ബലാത്സംഗത്തിന് ഇരയായി എന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് ആണ് റെഡ്ഡിങ് യൂണിവേഴ്സിറ്റിയില്‍ നിന്നും പുറത്തു വന്നിരിക്കുന്നത്.

ഈ പഠനം പുനഃപ്രസിദ്ധീകരിച്ച യുകെയിലെ ഏറ്റവും പ്രചാരമുള്ള പത്രമായ ഡെയ്ലി മെയില്‍ പഠനത്തില്‍ ഉള്‍പ്പെടാതെ പോയ മലയാളി യുവാവ് (ലിവര്‍പൂള്‍ സംഭവം നടക്കുന്നതിനും മുന്‍പാണ് റെഡ്ഡിങ് യൂണിവേഴ്സിറ്റിയുടെ പഠനം നടന്നത്) നടത്തിയ പീഡനത്തിന്റെ വിശദാംശങ്ങളും ചേര്‍ത്താണ് എക്സ്‌ക്ലൂസീവ് ടൈറ്റിലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഹോസ്പിറ്റലില്‍ നിന്ന് തിരിയാന്‍ നേരം ഇല്ലാതെ പകല്‍ സമയം ജോലി ചെയ്യുമ്പോള്‍ എങ്ങനെ ആ തിരക്കില്‍ കണ്ണുവെട്ടിച്ചൊരു ബലാത്സംഗം അരങ്ങേറും. മലയാളി യുവാവ് ലിവര്‍പൂളിലെ വിസ്റ്റാന്‍ ഹോസ്പിറ്റല്‍ പീഡനത്തില്‍ അറസ്റ്റില്‍ ആയപ്പോള്‍ ഉയര്‍ന്ന പ്രധാന ചോദ്യം ഇതായിരുന്നു. ഇക്കാരണത്താല്‍ തന്നെ കെട്ടിച്ചമച്ച കേസാകാന്‍ സാധ്യത ഉണ്ടെന്നും വിലയിരുത്തപ്പെട്ടിരുന്നു. സ്റ്റുഡന്റ് വിസയില്‍ എത്തിയ യുവതിയുടെ ആശ്രിത വിസക്കാരനായ യുവാവിന് യുകെയിലെ പെരുമാറ്റ രീതികള്‍ അറിയാതെ വന്നതോടെ ശരീരത്തില്‍ അവിചാരിതമായി തൊട്ടതാകും റേപ് കേസായി മാറിയതെന്നും തുടക്കത്തില്‍ സംശയം ഉയര്‍ന്നിരുന്നു.

എന്നാല്‍, പിന്നീട് കോടതിയില്‍ എത്തിയ റിപ്പോര്‍ട്ടില്‍ ആണ് ഇയാള്‍ സംഭവ ദിവസം രാവിലെ മുതല്‍ പീഡനത്തിന് ഇരയായ രോഗിയെ പല വിധത്തില്‍ തന്റെ ഇംഗിതം നടപ്പാക്കി എടുക്കാനുള്ള ശ്രമത്തില്‍ ആയിരുന്നു എന്ന് വ്യക്തമാക്കിയിരിക്കുന്നത്. രാവിലെ മുതല്‍ ടോയ്ലറ്റ് ഉപയോഗിക്കുമ്പോള്‍ സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങള്‍ വൈപ്‌സ് ടിഷ്യു ഉപയോഗിച്ച് പുരുഷ കെയറര്‍ ആയ പ്രതി ശ്രമിച്ചിരുന്നു എന്നാണ് മൊഴി. അത്തരത്തില്‍ അസ്വാഭാവികമായ പെരുമാറ്റം പലവട്ടം ആ ദിവസം യുവാവില്‍ നിന്നും രോഗിയായ സ്ത്രീക്ക് നേരിടേണ്ടി വന്നു.

വൈകുന്നേരത്തോടെ മറ്റു ജീവനക്കാര്‍ ഹാന്‍ഡ് ഓവര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആ ദിവസത്തെ വാര്‍ഡിലെ കാര്യങ്ങള്‍ നൈറ്റ് ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാര്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ പോകുന്ന സമയമാണ് യുവാവ് തന്റെ കാര്യ സാധ്യം നടപ്പാക്കി എടുക്കാന്‍ ഉപയോഗിച്ചത് എന്നാണ് ഇപ്പോള്‍ ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും അരമണിക്കൂര്‍ വരെ എടുക്കുന്ന ഹാന്‍ഡ് ഓവറുകളാണ് എന്‍എച്ച്എസില്‍ ഉണ്ടാവുക.

ഈ സമയം രോഗികള്‍ വിളിച്ചാല്‍ പോലും കാര്യം തിരക്കാന്‍ ജീവനക്കാര്‍ക്ക് സമയം കിട്ടാറില്ല എന്നതും പലവട്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്. ഡ്യൂട്ടി അവസാനിപ്പിക്കും മുന്‍പുള്ള റെക്കോര്‍ഡ് എഴുത്തും വാ മൊഴിയായുള്ള ഹാന്‍ഡ് ഓവറും ചേര്‍ന്ന സമയത്ത് ആരും എത്താനിടയില്ല എന്ന ബോധ്യത്തോടെയാണ് യുവാവ് സ്ത്രീയെ ബലപ്രയോഗത്തിലൂടെ കീഴടക്കിയത്. സ്ത്രീ ആ സമയം എതിര്‍ക്കാന്‍ ശ്രമിക്കുമ്പോഴും നമ്മള്‍ ഇനി കാണില്ല എന്ന ഒറ്റ വാചകത്തില്‍ പ്രതി കൃത്യ നിര്‍വഹണം നടത്തുക ആയിരുന്നു എന്നും കോടതിയില്‍ പരാതിക്കാരി മൊഴി നല്‍കിയിരുന്നു.

രോഗികളുടെ സുരക്ഷാ അടക്കമുള്ള ചോദ്യം ഉയര്‍ത്തിയാണ് ഈ സംഭവം എന്‍എച്എസിലെ ഉന്നതര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജീവനക്കാരായി സ്ത്രീകളും പുരുഷന്മാരും ചേര്‍ന്ന വാര്‍ഡുകള്‍ തന്നെ ഇല്ലാതാക്കണം എന്ന നിര്‍ദേശം വരെ ഇപ്പോള്‍ എന്‍എച്ച്എസിന്റെ പരിഗണനയില്‍ എത്തിയിട്ടുണ്ട്. പക്ഷെ പ്രായോഗികമായി അതൊക്കെ എത്രത്തോളം ഫലപ്രദം എന്നതും കണ്ടറിയേണ്ടിയിരിക്കുന്നു. എന്നാല്‍ വ്യക്തി ശുചിത്വം അടക്കമുള്ള കാര്യങ്ങളില്‍ സഹായിക്കാന്‍ അതേ ലിംഗത്തില്‍ പെട്ട ജീവനക്കാരെ ആവശ്യപ്പെടാന്‍ രോഗികള്‍ക്ക് അവകാശം ഉണ്ടെന്ന നിര്‍ദേശം ഇക്കഴിഞ്ഞ ഏപ്രിലില്‍ സര്‍ക്കാര്‍ പരിഗണനയ്ക്ക് എത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ഇപ്പോള്‍ പുതിയ ഹെല്‍ത്ത് സെക്രട്ടറിയുടെ മേശപ്പുറത്തു വിശ്രമത്തിലാണ്.

റെഡ്ഡിംഗ് യൂണിവേഴ്സിറ്റി ക്രിമിനോളജി പ്രൊഫസര്‍ ജോ ഫീനിക്‌സ് ആണ് ആശുപ്രതികളില്‍ നടന്ന ബലാത്സംഗ കേസുകള്‍ പ്രത്യേക പഠനത്തിന് വിധേയമാക്കിയത്. കഴിഞ്ഞ 46 മാസത്തിനിടെയാണ് ഇത്രയും ഉയര്‍ന്ന നിരക്കില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് എന്ന് ജോ ഫീനിക്‌സ് ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ പഠനത്തില്‍ അനേകം സ്ത്രീകള്‍ പേര് വെളിപ്പെടുത്തി തന്നെ മുന്നോട്ട് വന്നു എന്നതും ശ്രദ്ധ നേടുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ 77 കാരിയായ ബിര്‍മിങാമിലെ വയോധിക വരെ ഇരകളുടെ പട്ടികയിലുണ്ട്. ഇവരാകട്ടെ ആഞ്ജിയോഗ്രാം പരിശോധനക്കായി രണ്ടു ദിവസമായി ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കഴിയവെയാണ് കുളിക്കാന്‍ പോയ ബാത്റൂമില്‍ വച്ച് പീഡിപ്പിക്കപ്പെട്ടത്.

തന്നെക്കാള്‍ ഇരട്ടി ശരീരമുള്ള മുപ്പതുകള്‍ പിന്നിട്ട ഒരാളാണ് തന്നെ ലക്ഷ്യം വച്ചത് എന്നും ഇവര്‍ വെളിപ്പെടുത്തുന്നു. അക്രമിയെ എങ്ങനെയോ തള്ളി വീഴ്ത്തി പൂര്‍ണ നഗ്നയായി നഴ്സിങ് സ്റ്റേഷനിലേക്ക് ഓടിയത് മാത്രമാണ് പോളിനാ എന്ന ഈ സ്ത്രീയ്ക്ക് ഓര്‍ത്തെടുക്കാനാകുന്നത്. തന്റെ പിന്നാലെ ഓടിയെത്തിയ അക്രമിയെ പുരുഷ നഴ്സുമാര്‍ ചേര്‍ന്ന് പിടിച്ചു മാറ്റി സംഭവ സ്ഥലത്തു നിന്നും തന്നെ രക്ഷിക്കുക ആയിരുന്നു എന്നും പോളിനാ പറയുന്നു.

തന്റെ അമ്പതു വര്‍ഷത്തെ വൈവാഹിക ജീവിതത്തിനിടയില്‍ നഗ്‌ന ശരീരം തന്റെ ഭര്‍ത്താവ് അല്ലാത്ത മറ്റൊരു പുരുഷന്‍ കണ്ടതിന്റെ ഞെട്ടല്‍ ജീവിതകാലം മുഴുവന്‍ കൂടെ ഉണ്ടാകും എന്നാണ് പോളിനയെ ഇപ്പോഴും അലോസരപ്പെടുത്തുന്നത്. ഈസ്റ്റ് മിഡ്ലാന്‍ഡിസിലെ ഒരാശുപത്രിയില്‍ നടന്ന ഈ സംഭവത്തില്‍ പരാതി നല്‍കിയെങ്കിലും ഒരു തുടര്‍ നടപടിയും ഉണ്ടായില്ല എന്നാണ് ഇപ്പോള്‍ അറിയാനാകുന്നത്.

പോളിനായ്ക്കുണ്ടായത് പോലെയുള്ള ആക്രമണങ്ങള്‍ സാധാരണ സെക്‌സ് അസോള്‍ട്ട് എന്ന പേരിട്ട ശേഷം എഴുതി തള്ളുന്ന അലസതയാണ് എന്‍എച്ച്എസിനെ റേപ്പ് കേസുകളുടെ ഹിറ്റ് ലിസ്റ്റില്‍ എത്തിക്കുന്നത് എന്ന് ജോ ഫീനിക്‌സ് കുറ്റപ്പെടുത്തുന്നു. ജോയുടെ തന്നെ മറ്റൊരു പഠനത്തില്‍ ലൈംഗികതയടക്കമുള്ള 35,000 പരാതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ എന്‍എച്ച്എസില്‍ സംഭവിച്ചതെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍ ഇവരെ ഉദ്ധരിച്ചു ചെയ്ത റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും പരാജയമായി ജോ ഫീനിക്‌സ് വിലയിരുത്തുന്നത്. സീറോ ടോളറന്‍സ് എന്ന് എല്ലാ എന്‍എച്ച്എസ് ട്രസ്റ്റുകളും പറയുമ്പോഴും തുടര്‍ സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ഒരു നടപടിയും എവിടെയും ഉണ്ടാകുന്നില്ല എന്നും പഠനത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തുകയാണ് ക്രിമിനല്‍ രംഗത്തെ ഈ നിര്‍ണായക വെളിപ്പെടുത്തല്‍.

Back to top button
error: