വാഷിങ്ടണ്‍: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ വൈറ്റ് ഹൗസിലെത്തുമ്പോള്‍ അത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഉയിര്‍പ്പ് കൂടിയായിരുന്നു. നോക്കൂ, എല്ലാത്തിനുമുള്ള ഒരു പാലം എന്ന നിലയ്ക്കാണ് ഞാന്‍ എന്നെ കാണുന്നത്. മറ്റൊന്നുമായിട്ടല്ലെന്ന് അദ്ദേഹം അടിവരയിട്ടുപറഞ്ഞു. കമല ഹാരിസടക്കമുള്ള നേതാക്കളെ ചൂണ്ടി ഇവരാണ് രാജ്യത്തിന്റെ ഭാവിയെന്നുകൂടി ബൈഡന്‍ വ്യക്തമാക്കി. ട്രെംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്നതായിരുന്നു പ്രധാനദൗത്യം. എന്നാല്‍, വീണ്ടുമൊരു പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രെംപുമായി ഏറ്റുമുട്ടാനെത്തിയത് പഴയ ബൈഡനായിരുന്നില്ല. തുടക്കത്തില്‍ത്തന്നെ അടിപതറി. പ്രായാധിക്യവും രോഗവും തളര്‍ത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുവരെ വിമര്‍ശനങ്ങളുടെ കൂരമ്പുകളേറ്റ് ഒടുക്കം പ്രസിഡന്റ് സ്ഥാനത്തുനിന്ന് പിന്‍മാറിയിരിക്കുകയാണ് ബൈഡന്‍.
ബൈഡന്റെ ആരോഗ്യം സംബന്ധിച്ച സംശയങ്ങള്‍ നേരത്തെതന്നെ പുറത്തുവന്നു തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴത്തെ പിന്‍മാറ്റം അനിവാര്യമാക്കിയത് ബൈഡനും ട്രംപും തമ്മില്‍ അറ്റ്ലാന്റയില്‍ വെച്ചുനടന്ന സംവാദമായിരുന്നു. ജൂണ്‍ 29-നായിരുന്നു അത്. വാദപ്രതിവാദങ്ങളുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തെ ചൂടുപിടിപ്പിക്കുന്ന സംവാദവേദി ഒരര്‍ഥത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അതിനിര്‍ണായകമാണ്. പക്ഷേ, ആ പോരാട്ടത്തില്‍ ദയനീയമായിരുന്നു ബൈഡന്റെ പ്രകടനം. ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സംവാദത്തില്‍ ഡൊണാള്‍ഡ് ട്രംപ് നിറഞ്ഞുനിന്നു. ബൈഡനാകട്ടെ കൃത്യമായ മറുപടികളില്ലാതെ ഉഴറി. പ്രായാധിക്യവും മറവിരോഗവുമെല്ലാം അദ്ദേഹത്തെ കൂടുതല്‍ തകളര്‍ത്തുകയും ചെയ്തു. അവിടെ നിന്ന് പിന്നീടങ്ങോട്ട് ട്രംപിന്റെ മുന്നേറ്റമായിരുന്നു. ബൈഡന് വിശ്രമിക്കാനുള്ള സമയമായെന്ന് പറഞ്ഞ് ട്രംപ് ആഞ്ഞടിച്ചതോടുകൂടി ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുവരെ എതിര്‍പ്പുയര്‍ന്നു. ഇത് തുടര്‍ ചര്‍ച്ചകള്‍ക്കും വഴിമരുന്നിട്ടു.
എന്നാല്‍, സംവാദത്തിനുപിന്നാലെ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ജോ ബൈഡന്‍ നിഷേധിച്ചു. മത്സരരംഗത്തുനിന്ന് പിന്മാറണമെന്ന ആവശ്യവും അദ്ദേഹം അന്ന് തള്ളിക്കളഞ്ഞിരുന്നു. ദൈവത്തിനുമാത്രമേ തന്നെ മത്സരത്തില്‍നിന്ന് പിന്മാറ്റാനാകൂവെന്നുവരെ ബൈഡന്‍ പറഞ്ഞു. പക്ഷേ, വിവാദങ്ങളും വിമര്‍ശനങ്ങളും ബൈഡനെ വിടാതെ പിന്തുടര്‍ന്നു. നാറ്റോ ഉച്ചകോടിക്ക് ശേഷമുള്ള പത്രസമ്മേളനത്തിലെ നാക്കുപിഴയും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയെ റഷ്യന്‍ പ്രസിഡന്റ് പുതിനെന്ന് വിളിച്ചതുമെല്ലാം ബൈഡനെ കൂടുതല്‍ പരുങ്ങലിലാക്കി. പിന്നാലെ കോവിഡ് ബാധിതനായതും അദ്ദേഹത്തെ അലട്ടി.
മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും സ്പീക്കര്‍ നാന്‍സി പെലോസിയും ബൈഡന്റെ വിജയത്തെ കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. വിജയത്തിലേക്കുള്ള ബൈഡന്റെ പാത അന്ത്യന്തം ചുരുങ്ങിപ്പോയെന്നാണ് താന്‍ കരുതുന്നതെന്ന് ഒബാമ പറഞ്ഞതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബൈഡന്‍ മത്സരരംഗത്തുനിന്ന് പിന്മാറാത്ത പക്ഷം പാര്‍ട്ടി പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹത്തോട് നാന്‍സി പെലോസി ഫോണ്‍സംഭാഷണത്തില്‍ പറഞ്ഞുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.പിയും റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെയാണ് യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നുള്ള പിന്‍മാറ്റം. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് വ്യക്തമാക്കിയാണ് ബൈഡന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്.
സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെ ജോ ബൈഡന്‍ നിര്‍ദേശിച്ചു. കമലയ്ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നതായി അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നിച്ചുനിന്ന് ട്രംപിനെ തോല്‍പ്പിക്കണമെന്നും ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. കമല ഹാരിസിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ബൈഡന്റെ ട്വീറ്റ്.
കഴിഞ്ഞ മൂന്നരവര്‍ഷംകൊണ്ട് യു.എസ്. വലിയ മുന്നേറ്റമുണ്ടാക്കിയെന്നും ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥ അമേരിക്കയുടേതാണെന്നും, പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പില്‍ ജോ ബൈഡന്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ ആദ്യമായി ഒരു അമേരിക്കന്‍-ആഫ്രിക്കന്‍ വനിതയെ നിയമിച്ചതും കോവിഡ് കാലത്തെ മറികടന്നതും ഉള്‍പ്പടെയുള്ള നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞശേഷമാണ് താന്‍ സ്ഥാനാര്‍ഥിത്വത്തില്‍നിന്ന് പിന്മാറുകയാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത്.
തന്റെ പ്രവര്‍ത്തനങ്ങളിലെ ഏറ്റവും മികച്ച പങ്കാളിയാണ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നുപറഞ്ഞ ബൈഡന്‍, അവര്‍ക്ക് നന്ദി പറഞ്ഞു. ഒന്നിച്ചുനിന്നാല്‍ അമേരിക്കയ്ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ലെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് ബൈഡന്‍ തന്റെ വാര്‍ത്താക്കുറിപ്പ് അവസാനിപ്പിച്ചത്.
ബൈഡന്‍ പിന്മാറ്റത്തോടെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലിയ പ്രതിസന്ധിക്കാണ് വഴിയൊരുങ്ങുന്നതെന്നും വിലയിരുത്തലുണ്ട്. വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് ജോ ബൈഡന്‍ പിന്തുണപ്രഖ്യാപിച്ചെങ്കിലും അടുത്തമാസം ചിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമ്മേളനം ഇതോടെ നിര്‍ണായകമാകും. നേരത്തെ പ്രൈമറി വോട്ടെടുപ്പുകളില്‍ 90 ശതമാനം പ്രതിനിധികളുടെ പിന്തുണയാണ് ബൈഡന്‍ നേടിയിരുന്നത്.