ഭോപ്പാല്‍: റോഡ് നിര്‍മാണത്തിനെതിരെ സമരം നടത്തിയ രണ്ടു സ്ത്രീകളെ കഴുത്തറ്റം മണ്ണിട്ട് മൂടി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രക്കില്‍ നിന്ന് സ്ത്രീകളുടെ ദേഹത്ത് മണ്ണ് തട്ടുന്നത് വീഡിയോയില്‍ കാണാം. ശനിയാഴ്ച ഹിനോത ജോറോട്ട് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് മംഗാവ പൊലീസ് അറിയിച്ചു.
മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളാണ് റോഡ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധിച്ചിരുന്നത്. റോഡുപണിക്കായി മണ്ണും ചരലുമായി എത്തിയ ട്രക്കിന് സമീപത്തിരുന്നായിരുന്നു പ്രതിഷേധം. ഇതിനിടയിലാണ് ട്രക്കിലുണ്ടായ മണ്ണ് രണ്ടുപേരുടെയും ദേഹത്തേക്ക് തട്ടിയത്. ഇരുവരുടെയും കഴുത്തറ്റം മണ്ണ് നിറക്കുകയും ചെയ്തു. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് രണ്ട് സ്ത്രീകളെയും രക്ഷപ്പെടുത്തിയത്. പാട്ടത്തിനെടുത്ത ഭൂമിയില്‍ കരിങ്കല്ല് ഇടുന്നതിനെതിരെയാണ് തങ്ങള്‍ പ്രതിഷേധിച്ചതെന്നാണ് സ്ത്രീകളുടെ പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.
അതേസമയം, രേവ ജില്ലയിലെ ഈ സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വീണ്ടും ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.