‘സ്റ്റിങ് ഓപ്പറേഷ’ന് മാധ്യമങ്ങൾ ‘ഒളിക്യാമറ’ വയ്ക്കുന്നത് സത്യം കണ്ടെത്താനും പൗരൻമാരെ അറിയിക്കാനുമുള്ള സദുദ്ദേശ്യത്തോടെയാണെങ്കിൽ പ്രോസിക്യൂഷൻ നടപടിയുണ്ടാകില്ല എന്ന് ഹൈക്കോടതി. പത്തനംതിട്ട ജില്ലാ ജയിലിൽ സോളർ കേസിലെ പ്രതിയുടെ മൊഴി റെക്കോർഡ് ചെയ്യാൻ ശ്രമിച്ച വാർത്താ ചാനൽ പ്രവർത്തകരായ പ്രദീപ് സി നെടുമണ്‍, പ്രശാന്ത് എന്നിവർക്കെതിരെയുള്ള കേസ് റദ്ദാക്കിയാണു ജസ്റ്റിസ് പി.വി കുഞ്ഞിക്കൃഷ്ണൻ ഇക്കാര്യം വ്യക്തമാക്കിയത്. സത്യം കണ്ടെത്തുന്നതിനപ്പുറം ആരെയെങ്കിലും ദ്രോഹിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നത് ആയിരിക്കരുത് മാധ്യമങ്ങളുടെ ലക്ഷ്യമെന്നും കോടതി പറഞ്ഞു.
മാധ്യമസ്വാതന്ത്ര്യം നിഷേധിച്ചാൽ ജനാധിപത്യം ഇല്ലാതാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പേനയ്‌ക്ക് വാളിനെക്കാൾ കരുത്തുണ്ടെന്ന എഡ്വേർഡ് ബാൾവർ ലിട്ടന്റെ വാക്യങ്ങളും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ, അതുപയോഗിക്കുമ്പോൾ മാധ്യമങ്ങൾ അതിജാഗ്രത പുലർത്തണം. ചെറിയ തെറ്റുപോലും വ്യക്തിയുടെ സ്വകാര്യതയെയും ഭരണഘടനാപരമായ അവകാശത്തെയും ബാധിക്കുമെന്നും കോടതി ഓർമ്മിപ്പിച്ചു.
ശരിയായ വിവരങ്ങൾ ജനങ്ങൾക്ക് നൽകുന്ന മാധ്യമങ്ങളാണ് ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ പൗരന്മാരെ പ്രാപ്തരാക്കുന്നത്. ഇതിനായി നിയമം സാധാരണ അനുവദിക്കാത്ത ചില പ്രവൃത്തികൾ മാധ്യമങ്ങൾ സ്വീകരിക്കാറുണ്ട്. ഒളിക്യാമറ ഓപ്പറേഷൻ അതിലൊന്നാണ്. ഇതിന്റെ നിയമപരമായ സാധുത സുപ്രീംകോടതി പലപ്പോഴായി പരിശോധിച്ചിട്ടുണ്ട്. തെറ്റായ ലക്ഷ്യത്തോടെയുള്ള ഒളിക്യാമറ ഓപ്പറേഷന് നിയമപരമായ പിന്തുണ ഉണ്ടായിരിക്കില്ല. ഒരോ കേസിന്റെയും വസ്തുത പരിശോധിച്ച് കോടതിയായിരിക്കും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കുന്നു. ഹർജിക്കാർക്കായി അഡ്വ. സി പി ഉദയഭാനു ഹാജരായി