ഡെഹ്‌റാഡൂണ്‍: ഉത്തരാഖണ്ഡില്‍ ക്രിസ്ത്യന്‍ പ്രാര്‍ഥനാ ചടങ്ങില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണം. ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികളെ അക്രമികള്‍ മര്‍ദിക്കുകയും മുറിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് തകര്‍ക്കുകയും ചെയ്തു. മതപരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
ഡെഹ്‌റാഡൂണ്‍ നഗരത്തോട് ചേര്‍ന്നുള്ള നെഹ്റു കോളനിയിലെ ഒരു വീട്ടില്‍ ഞായറാഴ്ച പ്രാര്‍ഥന നടക്കുന്നതിനിടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറി അക്രമം അഴിച്ചുവിടുകയായിരുന്നു. സംഭവത്തില്‍ 11 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കലാപമുണ്ടാക്കല്‍, അതിക്രമിച്ചുകയറല്‍, മതവികാരം വ്രണപ്പെടുത്തല്‍, കലാപമുണ്ടാക്കല്‍, ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍, ഇതുവരെയും ഒരാളെയും അറസ്റ്റ് ചെയ്തിട്ടില്ല.
വൈദികനായ രാജേഷ് ഭൂമിയുടെയും ഭാര്യ ദീക്ഷ പോളിന്റെയും വീട്ടിലാണ് ആക്രമണം നടന്നത്. എല്ലാ ഞായറാഴ്ചയും ഇവരുടെ വീട്ടില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറുണ്ട്. വീടിന്റെ പുറത്ത് ബഹളമുണ്ടാക്കുന്നത് കേട്ട് വാതില്‍ തുറന്നപ്പോഴാണ് അക്രമികള്‍ ഇരച്ചുകയറിയതെന്നാണ് ദീക്ഷാ പോള്‍ പ്രതികരിച്ചത്.
എന്തു പ്രശ്നമുണ്ടെങ്കിലും ഇരുന്ന് സംസാരിച്ചു പരിഹാരം കണ്ടെത്താമെന്ന് പറഞ്ഞുനോക്കിയെങ്കിലും ഇവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു അതിക്രമമെന്നും ദീക്ഷ വെളിപ്പെടുത്തി. വീട്ടില്‍ മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് പൊലീസ് പ്രതികരിച്ചു.