ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് 228 കിലോ സ്വര്‍ണം കാണാതായെന്ന ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി രംഗത്ത്. വലിയ സ്വര്‍ണ തട്ടിപ്പ് നടന്നിട്ടുണ്ടെന്നും ആരാധനാലയങ്ങളിലേക്ക് രാഷ്ട്രീയക്കാര്‍ കടന്നുകയറുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ട സ്വര്‍ണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആരും ഉന്നയിക്കാത്തത്. ഇവിടെയുള്ള അഴിമതിക്ക് പിന്നാലെ ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. അവിടെ മറ്റൊരു അഴിമതിക്ക് വഴിതെളിയുകയാണ്. 228 കിലോ സ്വര്‍ണമാണ് കേദാര്‍നാഥില്‍ നിന്ന് നഷ്ടപ്പെട്ടിരിക്കുന്നത്. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോള്‍ അവര്‍ പറയുന്നു, ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- സ്വാമി അവിമുക്തേശ്വരാന്ദ സരസ്വതി എഎന്‍ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഡല്‍ഹിയില്‍ മറ്റൊരു കേദാര്‍നാഥ് പണിയുന്നതിനായി തറക്കല്ലിട്ടിരുന്നു. ഇതിനെതിരേ പ്രതിഷേധവും ശക്തമായിരുന്നു. ഇതിനിടെയാണ് കേദാര്‍നാഥില്‍ നിന്ന് 228 കിലോ സ്വര്‍ണം കാണാതായി എന്ന ഗുരുതര ആരോപണവുമായി ജ്യോതിര്‍മഠം ശങ്കരാചാര്യന്‍ രംഗത്തെത്തിയിരിക്കുന്നത്.
ഡല്‍ഹിയില്‍ കേദാര്‍നാഥ് മാതൃകയില്‍ നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി അടക്കമുള്ളവര്‍ പങ്കെടുത്തിരുന്നു.