ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സാധാരണ ഹോട്ടലില്‍ പിസ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളെല്ലാം മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്ന അതേ ദിവസമാണ് രാഹുലിന്റെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായത്. നിരവധി പേര്‍ വീഡിയോ പലതരം ക്യാപ്ഷനോടെ പങ്കുവച്ചു.
റസ്റ്ററന്റില്‍ എത്തിയ ഉപഭോക്താക്കളില്‍ ഒരാളാണ് വീഡിയോ ഷൂട്ട് ചെയ്തത്. പരമാവധി സൂം ചെയ്യൂ എന്ന് വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. നീല ടീ ഷര്‍ട്ടിട്ടാണ് രാഹുല്‍ ഭക്ഷണം കാത്തിരിക്കുന്നത്. അഭിമുഖമായി ഇരിക്കുന്ന ആരോടോ സംസാരിക്കുന്നതും കാണാം.
‘എല്ലാവരും മുംബൈയില്‍ അംബാനി കുടുംബത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍ ഈ മനുഷ്യന്‍ ഒരു പിസയ്ക്ക് കാത്തിരിക്കുന്നു. ഈ മനുഷ്യന്‍ വ്യത്യസ്തനാണ്’ എന്നാണ് ഒരുപാട് പേര്‍ വീഡിയോക്ക് ക്യാപ്ഷനിട്ടത്. വീഡിയോ എന്നാണ് ഷൂട്ട് ചെയ്തത് എന്നതില്‍ വ്യക്തതയില്ല.
അംബാനിയുടെ അശ്ലീലം നിറഞ്ഞ വിവാഹത്തില്‍ എല്ലാ വിഭാഗം രാഷ്ട്രീയക്കാരും പങ്കെടുത്തപ്പോള്‍ രാഹുല്‍ തന്റെ ക്ലാസ് തെളിയിച്ചു എന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ എക്സില്‍ കുറിച്ചു. അംബാനിയുടെ വിവാഹത്തില്‍ രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുന്നതിനെ കുറിച്ച് രാഹുല്‍ സംസാരിക്കുന്ന വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.
മകന്‍ ആനന്ദ് അംബാനിയുടെ വിവാഹത്തിലേക്ക് സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും മുകേഷ് അംബാനി നേരിട്ടെത്തി ക്ഷണിച്ചിരുന്നെങ്കിലും ഇരുവരും പങ്കെടുത്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള പ്രമുഖര്‍ ഞായറാഴ്ച വിവാഹച്ചടങ്ങിനെത്തി. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്, എന്‍സിപി നേതാവ് ശരദ് പവാര്‍ തുടങ്ങി പ്രതിപക്ഷനിരയിലെ പ്രധാന നേതാക്കളും വിവാഹത്തിനെത്തി. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍ തുടങ്ങിയവരും വധൂവരന്മാരെ ആശീര്‍വദിക്കാനെത്തി.
മാസങ്ങള്‍ നീണ്ട ആഡംബര പ്രീവെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ശേഷമാണ് ആനന്ദ് അംബാനി വധു രാധിക മെര്‍ച്ചന്റിന്റെ കഴുത്തില്‍ മിന്നുകെട്ടിയത്. കിം കര്‍ദാഷിയാന്‍, കോലെ കര്‍ദാഷിയാന്‍, നിക് ജോനാസ്, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാന്‍, രണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, രജനീകാന്ത്, ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രിമാരായ ടോണി ബ്ലയര്‍, ബോറിസ് ജോണ്‍സണ്‍, ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോണി തുടങ്ങി രാഷ്ട്രീയ, വിനോദ, വ്യവസായ മേഖലകളില്‍നിന്നുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. 16000 പേര്‍ക്ക് ഇരിക്കാവുന്ന മുംബൈയിലെ ജിയോ കണ്‍വന്‍ഷന്‍ സെന്ററിലാണ് വിവാഹം.
മുകേഷ് അംബാനിയുടെ ഇളയമകനാണ് 29കാരനായ ആനന്ദ് അംബാനി. റിലയന്‍സിന്റെ എനര്‍ജി ബിസിനസ് കമ്പനികളിലെ ഡയറക്ടറാണ്. 29കാരിയായ വധു രാധിക മെര്‍ച്ചന്റ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എന്‍കോര്‍ ഹെല്‍ത്ത്കെയറിന്റെ സ്ഥാപകരായ വിരേന്‍ മെര്‍ച്ചന്റിന്റെയും ഷീലയുടെയും മകളാണ്. ഏകദേശം അയ്യായിരം കോടി രൂപയാണ് അംബാനി കുടുംബം വിവാഹാഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്നത്.