KeralaNEWS

ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതി തന്നെ; സിപിഎം വാദം തള്ളി ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട: സിപിഎമ്മില്‍ ചേര്‍ന്ന ശരണ്‍ ചന്ദ്രന്‍ കാപ്പ കേസ് പ്രതിയല്ലെന്ന സിപിഎം വാദം തള്ളി ജില്ലാ പൊലീസ് മേധാവി. കാപ്പ കേസ് നിലവിലുള്ളപ്പോള്‍ ശരണ്‍ ചന്ദ്രന്‍ വ്യവസ്ഥകള്‍ ലംഘിച്ചെന്നും മറ്റൊരു ക്രിമിനല്‍ കേസില്‍ പ്രതിയായെന്നും നടപടികള്‍ തുടരുകയാണെന്നും ജില്ലാ പൊലീസ് മേധാവി വി.അജിത്ത് പറഞ്ഞു. ശരണ്‍ ചന്ദ്രനൊപ്പം സിപിഎമ്മില്‍ ചേര്‍ന്ന സുധീഷ് പൊലീസ് രേഖകളില്‍ ഒളിവിലുള്ള പ്രതിയാണ്. ഇയാളെ ഉടന്‍ പിടിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

മന്ത്രി വീണാ ജോര്‍ജിന്റെയും സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവിന്റെയും സാന്നിധ്യത്തിലാണ് അറുപതിലേറെ ബിജെപി അനുഭാവികള്‍ കഴിഞ്ഞ ആഴ്ച സിപിഎമ്മില്‍ ചേര്‍ന്നത്. നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ സിപിഎമ്മില്‍ ചേര്‍ന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടി മന്ത്രിയെ വിമര്‍ശിച്ചിരുന്നു.

Signature-ad

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ശരണ്‍ ചന്ദ്രനെതിരെ കാപ്പ ചുമത്തിയത്. ഇത് നില നില്‍ക്കുമ്പോഴാണ് നവംബറില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ വധശ്രമക്കേസില്‍ പത്തനംതിട്ടയില്‍ പ്രതിയായത്. ഈ കേസില്‍ ഒന്നാം പ്രതിയായ ശരണ്‍ ചന്ദ്രന്‍ ഒളിവില്‍ പോയിരുന്നു. ശേഷം ഏപ്രില്‍ മാസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ അവസാനം ജാമ്യത്തില്‍ പുറത്തിറങ്ങി. ഇതേ കേസിലെ 4ാം പ്രതിയാണ് ഇപ്പോളും രേഖകളില്‍ ‘ഒളിവി’ലുള്ള സുധീഷ്.

ഇതിനിടെ സിപിഎമ്മില്‍ ചേര്‍ന്നയാളെ ലഹരിക്കേസില്‍ കുടുക്കി എന്നാരോപിച്ച് ഡിവൈഎഫ്‌ഐ പത്തനംതിട്ട ബ്ലോക്ക് കമ്മിറ്റി ഇന്നലെ എക്‌സൈസ് ഓഫീസിലേക്കു നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് അവസാന നിമിഷം റദ്ദാക്കി.

അതിനിടെ, പുതുതായി സിപിഎമ്മില്‍ ചേര്‍ന്നയാള്‍ കഞ്ചാവു കേസില്‍ പിടിയിലായതിനെ ന്യായീകരിച്ച് മന്ത്രി വീണാ ജോര്‍ജ്. ‘ഇദ്ദേഹം യുവ മോര്‍ച്ചയിലുള്ളപ്പോള്‍ നിങ്ങള്‍ക്കു ഒരു പ്രശ്‌നവും ഇല്ലായിരുന്നല്ലോ’ എന്നാണ് മന്ത്രി പറഞ്ഞത്. ‘എംഎല്‍എമാര്‍ക്കെതിരെ വരെ കേസുകളുണ്ടെന്നും, പുതുതായി വന്നവര്‍ ഒരു കാലത്തു ചെയ്ത രാഷ്ട്രീയം അവസാനിപ്പിച്ച് ശരിയായ പാതയിലേക്കു വരുന്നു എന്നതാണു പ്രധാനമെന്നും മുന്‍ ഡിസിസി പ്രസിഡന്റുള്‍പ്പെടെ സിപിഎമ്മില്‍ വന്നെന്നും മന്ത്രി പറഞ്ഞു.

 

 

Back to top button
error: