Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന കെട്ടിടവും തകര്‍ത്തു; ചര്‍ച്ച വൈകിയെന്നു ട്രംപ്; പ്രേതനഗരമായി ടെഹ്‌റാന്‍; വൈദ്യുതിയും വെള്ളവുമില്ല; 787 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്ക്

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന യോഗം നടന്ന കെട്ടിടവും ഇസ്രയേല്‍-അമേരിക്കന്‍ ആക്രമണത്തില്‍ തകര്‍ത്തെന്നു റിപ്പോര്‍ട്ട്. ഇറാനിയന്‍ മാധ്യമം തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാന്‍ ചര്‍ച്ചയ്ക്കു തയാറായെങ്കിലും വൈകിപ്പോയെന്നായിരുന്നു ഇക്കാര്യത്തില്‍ ട്രംപിന്റെ പ്രതികരണമെന്നും വിവരം. ഉയര്‍ന്ന പുരോഹിതരടക്കം കൊല്ലപ്പെട്ടെന്നാണു വിവരം.

ആക്രമണം ആരംഭിച്ചതിനു പിന്നാലെ ടെഹ്‌റാന്‍ പ്രേതനഗരമായി മാറിക്കഴിഞ്ഞെന്നു താമസക്കാര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സുരക്ഷാ ചെക്ക്പോസ്റ്റുകളും റെവല്യൂഷണറി ഗാര്‍ഡ്സിന്റെ പട്രോളിംഗും ഒഴിച്ചാല്‍ നഗരത്തിലെ തെരുവുകളെല്ലാം ശൂന്യം.

Signature-ad

ശനിയാഴ്ച മുതല്‍ നടക്കുന്ന വ്യോമാക്രമണങ്ങളില്‍ നൂറുകണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ടു. ഈ ആക്രമണങ്ങള്‍ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിന് വഴിവെക്കുമെന്നാണ് അമേരിക്ക കരുതിയതെങ്കിലും അതിനുള്ള ലക്ഷണങ്ങളില്ലെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘എല്ലാ തെരുവുകളിലും ഇടവഴികളിലും ചെക്ക്പോസ്റ്റുകളുണ്ട്’- വടക്കന്‍ തെഹ്റാനിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്ന 27 വയസ്സുകാരി ഫരീബ ഗെരാമി പറഞ്ഞു. ബോംബാക്രമണം തുടങ്ങിയതുമുതല്‍ വൈദ്യുതിയും വെള്ളവും തടസപ്പെട്ടു. രാത്രിയില്‍ കവര്‍ച്ചക്കാര്‍ വീട് കൊള്ളയടിക്കുമോ എന്ന ഭയത്തിലാണ് അവരും സുഹൃത്തുക്കളും. സുരക്ഷിതമായ സാഹചര്യം ലഭിച്ചാലുടന്‍ ഇറാന്‍ വിടാനാണ് കുടുംബത്തിന്റെ പദ്ധതിയെങ്കിലും പുറത്തേക്കുള്ള റോഡുകളിലെ സുരക്ഷയെക്കുറിച്ച് ഫരീബയ്ക്ക് ആശങ്കയുണ്ട്.

കെട്ടിടങ്ങളും കാറുകളും തകര്‍ന്നു

ചൊവ്വാഴ്ച അതിര്‍ത്തി കടന്ന് തുര്‍ക്കിയിലെത്തിയ രണ്ട് ഇറാനികളും തലസ്ഥാനത്തെ സംഘര്‍ഷാവസ്ഥ സ്ഥിരീകരിച്ചു. ‘കുട്ടികള്‍ അലറിക്കരയുകയായിരുന്നു. സിവിലിയന്‍ കെട്ടിടങ്ങള്‍ ആക്രമിക്കപ്പെടുന്നത് നഗരവാസികളില്‍ വലിയ ഭീതിയുണ്ടാക്കി. രാജ്യം വിടുന്ന വഴിയില്‍ നിരവധി കെട്ടിടങ്ങളും കാറുകളും തെരുവുകളും തകര്‍ന്നതു കണ്ടു. എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി രാജ്യം വിടാന്‍ ശ്രമിക്കുകയാണ് ജനങ്ങളെന്നും ഇവര്‍ പറഞ്ഞു.

തിങ്കളാഴ്ച തെഹ്റാനിലെ ഒരു ആശുപത്രിക്ക് സമീപം നടന്ന ആക്രമണത്തില്‍ കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ആളുകളെ ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളില്‍ തെക്കന്‍ ഇറാനിലെ ഒരു പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ നടന്ന ബോംബാക്രമണത്തില്‍ 150 പേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ പറയുന്നു.

ചൊവ്വാഴ്ച നടന്ന പെണ്‍കുട്ടികളുടെ ശവസംസ്‌കാര ചടങ്ങില്‍, ഇറാനിയന്‍ പതാക പുതപ്പിച്ച ചെറിയ ശവപ്പെട്ടികള്‍ വലിയ ജനക്കൂട്ടത്തിന് മുകളിലൂടെ കൈമാറുന്ന ദൃശ്യങ്ങള്‍ സ്റ്റേറ്റ് ടെലിവിഷന്‍ പുറത്തുവിട്ടു. റെഡ് ക്രസന്റിനെ ഉദ്ധരിച്ച് ഇറാന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മരണസംഖ്യ നിലവില്‍ 787 ആണ്. ഖമേനിയുടെ മരണവാര്‍ത്ത പുറത്തുവന്ന് ആദ്യ മണിക്കൂറുകളില്‍ ടെഹ്‌റാനിലെ തെരുവുകളില്‍ ആഘോഷമുണ്ടായെങ്കിലും ഇപ്പോള്‍ പ്രകടനങ്ങളൊന്നുമില്ല. ‘ഖമേനി മരിച്ചു, പക്ഷേ അദ്ദേഹത്തിന്റെ വര്‍ഷങ്ങളായുള്ള ശാഠ്യത്തിന്റെ പ്രത്യാഘാതങ്ങള്‍ ഇപ്പോഴും ഇറാനിയന്‍ ജനതയെ കൊന്നൊടുക്കുകയാണെ’ന്നു വിരമിച്ച ഉദ്യോഗസ്ഥനായ ഹസന്‍ പറഞ്ഞു. ഈ ആണവ പരിപാടി കൊണ്ട് ബോംബാക്രമണവും ഒറ്റപ്പെടലും ദുരിതവുമല്ലാതെ എന്ത് ലഭിച്ചു എന്നും അദ്ദേഹം ചോദിച്ചു.

#IranIsraelConflict, #TehranGhostTown, #MiddleEastWar, #BreakingNews, #USMilitary, #Airstrikes, #IranNews, #IsraelPalestineConflict, #Khamenei, #TrumpNews, #GlobalCrisis, #HumanitarianCrisis, #WarUpdate, #DefenseNews, #DailyhuntNews, #KeralaNews, #MalayalamNews, #ഇറാൻ, #ഇസ്രായേൽ, #യുദ്ധം, #വാർത്തകൾ, #ലോകവാർത്തകൾ, #ടെഹ്‌റാൻ, #മലയാളംവാർത്ത

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: