നടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്ന സാന്റോ കൃഷ്ണന്റെ ഓര്‍മദിനമായിരുന്നു ഇക്കഴിഞ്ഞ ആറിന്. നെട്ടിയത്ത് കൃഷ്ണന് നായര്‍ എന്ന സാന്റോ കൃഷ്ണന് 1920 മേയ് 17 ാം തീയതി പാലക്കാട്ടെ ഒറ്റപ്പാലത്തുള്ള കണ്ണിയംപുറത്ത് ജനിച്ചു. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മഹാത്മജി ഒറ്റപ്പാലത്ത് നടത്തിയ സന്ദര്‍ശനത്തില്‍ ആവേശം കൊണ്ട് അദ്ദേഹം ശീര്‍കാഴി സത്യഗ്രഹത്തിലും ഉപ്പുസത്യഗ്രഹത്തിലും പങ്കെടുത്തു. തുടര്‍ന്ന് അദ്ദേഹത്തെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ശിക്ഷ കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തെ സ്കൂളില്‍ കയറ്റിയില്ല.
തുടര്‍ന്ന് മദിരാശിലേക്ക് നാടുവിട്ട അദ്ദേഹം അവിടെ ഒരു ചായക്കടയില്‍ മൂന്നു വര്‍ഷത്തോളം ജോലി നോക്കി. അതോടൊപ്പം ബോഡി ബില്‍ഡിങ്ങ്, കളരിപ്പയറ്റ്, ഗുസ്തി, ചിലമ്പാട്ടം തുടങ്ങിയ അഭ്യസിച്ച അദ്ദേഹം തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളും പഠിച്ചു.
കമ്പരാമായണത്തെ ആധാരമാക്കി കമ്പര്‍ എന്ന തമിഴ് ചിത്രത്തില്‍ ഒരു ചെറു വേഷത്തില്‍ അദ്ദേഹം അഭിനയിച്ചു. തുടര്‍ന്ന് നിശബ്ദ സിനിമയായ ബാലി സുഗ്രീവനില്‍ അംഗദന്റെ വേഷം ചെയ്തു.
1941 ല്‍ പുതുക്കോട്ടയില്‍ നടന്ന ഒരു മത്സരത്തില്‍ 135 കിലോ ഭാരമുള്ള ഒരു കല്ലുയര്‍ത്തി അദ്ദേഹം വിജയിയായി. തുടര്‍ന്ന് പുതുക്കോട്ട ഇളയരാജാവ് അദ്ദേഹത്തിനു സാന്റോ പട്ടം നല്കി. അങ്ങനെ അദ്ദേഹം സാന്റോ കൃഷ്ണന് എന്നറിയപ്പെടാന്‍ തുടങ്ങി.
തുടര്‍ന്ന് അദ്ദേഹം സ്റ്റണ്ട് സോമു എന്ന തമിഴ് സ്റ്റണ്ട് മാസ്റ്ററുടെ ശിഷ്യനായി. അദ്ദേഹത്തില്‍ നിന്ന് സിനിമയിലെ സ്റ്റണ്ട് പഠിച്ച സാന്റോ കൃഷ്ണന് പിന്നീട് സ്വന്തമായി സ്റ്റണ്ടുകള്‍ തുടങ്ങി.
അദ്ദേഹം നൊട്ടിയത്ത് കൊച്ചുകുട്ടിയമ്മയെ 1946 ല്‍ വിവാഹം കഴിച്ചു. 1954 ല്‍ സേലം എം എ വി പിക്ചേഴ്സ് നിര്‍മ്മിച്ച് 1958 ല്‍ റിലീസ് ചെയ്ത സമ്പൂര്‍ണ്ണ രാമായണത്തിലെ ഹനുമാന് വേഷത്തെ തുടര്‍ന്ന് കന്നഡ ചിത്രമായ ഭക്തവേവണ്ണ, ശ്രീരാമപട്ടാഭിഷേകം, ഹിന്ദി ചിത്രമായ രാമാഞ്ജനേയയുദ്ധം, തമിഴ് ചിത്രമായ ഭക്ത ഹനുമാന്, രാമഭക്ത ഹനുമാന്, തെലുങ്ക് ചിത്രമായ ലവകുശ എന്നിവയില്‍ ഹനുമാനായി അഭിനയിച്ചു.
മദ്രാസില്‍ വെച്ചുള്ള തിക്കുറിശ്ശിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് 1965 ല്‍ എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത കടത്തുകാരനില്‍ അഭിനയിച്ചു. ‘ഹനുമാന് കുട്ടി’ എന്നാണ് തിക്കുറിശ്ശി അദ്ദേഹത്തെ വിളിച്ചിരുന്നത്. തുടര്‍ന്ന് ദുര്‍ഗ്ഗ, സുജാത, ശബരിമല ശ്രീഅയ്യപ്പന്, റസ്റ്റ്ഹൗസ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം കുഞ്ചാക്കോയുടെ സിനിമകളിലാണ് അധികവും അഭിനയിച്ചത്.
മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, സിംഹള ഭാഷകളിലായി 2000 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. 2003 ല്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് അംഗവൈകല്യം നേരിട്ടു. പിന്നീട് ഉണ്ടായ ഒരു വീഴ്ചയില്‍ തലക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. നീണ്ട കാലത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. പിന്നീട് ചെറിയ വേഷങ്ങളുമായി മലയാള സിനിമാലോകത്ത് തുടര്‍ന്നു.
അവസാനകാലത്ത് കേള്‍വിയും കാഴ്ചയും ഓര്‍മ്മയും നഷ്ടപ്പെട്ട അദ്ദേഹം അമ്മയുടെ കൈനീട്ടം എന്ന പദ്ധതിയും സര്‍ക്കാരിന്റെ അവശകലാകാരന്മാര്ക്കുള്ള പെന്‍ഷനുമായാണ് ജീവിതം കഴിച്ചുകൂട്ടിയിരുന്നത്. ലക്കിടിയിലെ നൊട്ടിയത്തുള്ള വീട്ടില്‍ 2013 ജൂലൈയ് ആറിന് തന്റെ 93 ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.