ലണ്ടന്‍: യുകെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മലയാളിത്തിളക്കം. ഇംഗ്ലണ്ടിലെ ആഷ്ഫോര്‍ഡില്‍ നിന്ന് പാര്‍ലമെന്റിലേക്ക് ജയിച്ചു കയറിയിരിക്കുകയാണ് കോട്ടയം കൈപ്പുഴ സ്വദേശി സോജന്‍ ജോസഫ്. പതിറ്റാണ്ടുകളായി കണ്‍സര്‍വേറ്റീവിന്റെ കുത്തക മണ്ഡലമായിരുന്ന ആഷ്ഫോര്‍ഡില്‍ അട്ടിമറി ജയമാണ് സോജന്‍ സ്വന്തമാക്കിയത്.
കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് യുകെയില്‍ നഴ്സായ സോജന്‍. ലേബര്‍ പാര്‍ട്ടിയുടെ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം, 1179 വോട്ടിനാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തത്.
തെരേസ മേയ് മന്ത്രിസഭയില്‍ മന്ത്രിയും, ഒരുവേള ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ചുമതലയും വഹിച്ച, മുതിര്‍ന്ന ടോറി നേതാവ് ഡാമിയന്‍ ഗ്രീനായിരുന്നു സോജന്റെ എതിരാളി. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍ ഗ്രീന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം. റിഫോം യു.കെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ പതിനായിരത്തിലേറെ വോട്ടുപിടിച്ചതാണ് സോജന്റെ വിജയത്തില്‍ നിര്‍ണായകമായത്.
ബാംഗ്ലൂരില്‍ നിന്ന് നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ സോജന്‍ മാന്നാനം കെഇ കോളജിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. ഭാര്യ: ബ്രൈറ്റ ജോസഫ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കളാണ്.