അഹമ്മദാബാദ്: അനധികൃതമായി മദ്യം കടത്തുകയും പോലീസുകാരെ വാഹനം ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഗുജറാത്ത് സി.ഐ.ഡി. ഉദ്യോഗസ്ഥയും കാമുകനും പിടിയിലായി. ഗുജറാത്ത് സി.ഐ.ഡി (ക്രൈം)യിലെ ഹെഡ് കോണ്‍സ്റ്റബിള്‍ നിത ചൗധരി, സുഹൃത്തും മദ്യക്കടത്തുകാരനുമായ യുവരാജ് സിങ് ജഡേജ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച അറസ്റ്റിലായ നിത ചൗധരിക്ക് ബുധനാഴ്ച കോടതി ജാമ്യം അനുവദിച്ചു. അതേസമയം, നിതയെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി സംസ്ഥാന ആഭ്യന്തരവകുപ്പ് അറിയിച്ചു.
ഞായറാഴ്ച വൈകിട്ടാണ് മദ്യക്കടത്തുകാരനായ സുഹൃത്തിനൊപ്പം സി.ഐ.ഡി. ഉദ്യോഗസ്ഥ പോലീസിന്റെ പിടിയിലായത്. ദേശീയപാത 41-ല്‍ ബച്ചാവു ടൗണിലായിരുന്നു സംഭവം. നമ്പര്‍പ്ലേറ്റില്ലാത്ത ജീപ്പില്‍ മദ്യം കടത്തുകയായിരുന്ന ഇരുവരും പോലീസ് ആവശ്യപ്പെട്ടിട്ടും വാഹനം നിര്‍ത്തിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ആറ് പോലീസുകാരെ വാഹനം ഇടിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് അമിതവേഗത്തില്‍ വാഹനമോടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും എസ്.ഐ. ദിനേശ്കുമാര്‍ വാഹനത്തിന് നേരേ വെടിയുതിര്‍ത്തതോടെയാണ് ഇവര്‍ വാഹം നിര്‍ത്തിയത്. തുടര്‍ന്ന് പോലീസ് സംഘം പരിശോധിച്ചപ്പോള്‍ 16 മദ്യക്കുപ്പികളും രണ്ട് ബിയര്‍ക്കുപ്പികളും വാഹനത്തില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു.
സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകളും മദ്യനിരോധന നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്. ഇതില്‍ ആദ്യകേസിലാണ് നിത ചൗധരിക്ക് കോടതി ജാമ്യം അനുവദിച്ചത്. മദ്യക്കടത്ത് കേസില്‍ ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസും അറിയിച്ചു.
മദ്യക്കടത്തുകാരനായ യുവരാജ് സിങ്ങിന്റെ സാമൂഹികമാധ്യമങ്ങള്‍ വഴി പരിചയപ്പെട്ടതാണെന്നാണ് സി.ഐ.ഡി. ഉദ്യോഗസ്ഥയുടെ മൊഴി. ആറുമാസം മുന്‍പ് ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയാണ് യുവരാജുമായി സൗഹൃദത്തിലായത്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെന്നും യുവതി പറഞ്ഞിട്ടുണ്ട്. എന്നാല്‍, ആദ്യഘട്ടത്തില്‍ യുവരാജിന്റെ ക്രിമിനല്‍ പശ്ചാത്തലം അറിഞ്ഞിരുന്നില്ലെങ്കിലും കൂടുതല്‍ അടുത്തതോടെ ഇതേക്കുറിച്ച് അറിഞ്ഞിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഉദ്യോഗസ്ഥയുടെ മൊഴി വിശ്വസീനയമല്ലെന്നും പോലീസ് കരുതുന്നു.
പിടിയിലായ യുവരാജ് സിങ് ബച്ചാവു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം 16 ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഇയാളും സി.ഐ.ഡി. ഉദ്യോഗസ്ഥയും സഞ്ചരിച്ച ജീപ്പ് ഒരു മാധ്യമപ്രവര്‍ത്തകന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗാന്ധിധാമിലെ പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ ഇയാള്‍ തന്റെ സുഹൃത്താണെന്നാണ് ഉദ്യോഗസ്ഥ പോലീസിന് നല്‍കിയ മൊഴി.
സാമൂഹികമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്സുള്ളയാളാണ് നിത ചൗധരി. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 97,000-ത്തിലേറെ ഫോളോവേഴ്സുണ്ട്. ഒട്ടേറെ റീല്‍സുകളും ഇവര്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.