CrimeNEWS

‘അമ്മായിയമ്മച്ചോര്‍’ ഉണ്ടില്ല; യുവാവിനെ ഭാര്യ കത്രികയ്ക്കു കുത്തി

സ്വന്തം വീട്ടില്‍ നിന്ന് കൊണ്ടുവന്ന ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിനെ ഭാര്യ കത്രിക കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ ഭര്‍ത്താവ് വീട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. 37കാരനായ സുരേഷിനെയാണ് ഭാര്യ നളിനി ആക്രമിച്ചത്. ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ സുരേഷ് ബംഗളുരുവിലെ രാജരാജേശ്വരി നഗറില്‍ ഒരു ഹോട്ടല്‍ നടത്തിവരികയാണ്. നാല് വര്‍ഷം മുമ്പാണ് തന്റെ ഒരു സുഹൃത്ത് വഴി ഇയാള്‍ നളിനിയുമായി പരിചയത്തിലായത്. 2021ല്‍ ഇവര്‍ വിവാഹം കഴിക്കുകയും ചെയ്തു.

വിവാഹത്തിന് ശേഷം ബംഗളുരുവിലെ ബനശങ്കരിയിലാണ് ഇരുവരും താമസിച്ചിരുന്നത്. നളിനിയുടെ മാതാപിതാക്കളും ഇവരുടെ വീടിനടുത്താണ് താമസിക്കുന്നത്. ജൂണ്‍ 26ന് രാത്രിയോടെയാണ് സുരേഷും നളിനിയും തമ്മില്‍ വാക്കുതര്‍ക്കം തുടങ്ങിയത്. അന്നേദിവസം വൈകുന്നേരം സുരേഷും നളിനിയും ഇവരുടെ മകനും കൂടി അടുത്തുള്ള പാര്‍ക്കില്‍ പോയിരുന്നു. രാത്രിയായപ്പോഴേക്കും നളിനിയേയും മകനെയും വീട്ടിലാക്കിയ ശേഷം സുരേഷ് അടുത്തുള്ള ബാര്‍ റെസ്റ്റോറന്റില്‍ പോയി അല്‍പ്പം മദ്യപിച്ചിരുന്നു.

Signature-ad

അവിടെ നിന്ന് ഭക്ഷണം കഴിച്ചാണ് സുരേഷ് വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തി സുരേഷ് സോഫയിലിരിക്കുമ്പോഴായിരുന്നു നളിനി തന്റെ മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് രാത്രിയ്ക്കുള്ള ഭക്ഷണവുമായി എത്തിയത്. എന്നാല്‍ താന്‍ ഭക്ഷണം കഴിച്ചുവെന്ന് സുരേഷ് പറഞ്ഞു. ശേഷം നളിനി ഭക്ഷണം കൊണ്ടുവന്ന പാത്രങ്ങള്‍ കഴുകി വീട്ടിലേക്ക് കൊടുക്കുകയും ചെയ്തു. എന്നാല്‍ രാത്രി പതിനൊന്നരയോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

തന്റെ വീട്ടില്‍ നിന്നുകൊണ്ട് വന്ന ഭക്ഷണം കഴിക്കാത്തതിന് നളിനി സുരേഷിനെ ശകാരിക്കുകയും ചെയ്തു. സുരേഷ് തന്റെ പാചകത്തെ കുറ്റം പറഞ്ഞത് നളിനിയ്ക്ക് ഇഷ്ടമായില്ല. മാത്രമല്ല തന്റെ അമ്മയുണ്ടാക്കുന്ന ഭക്ഷണമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും സുരേഷ് പറഞ്ഞു. ഇതു പറഞ്ഞതോടെ നളിനി സുരേഷിനെ ആക്രമിക്കുകയായിരുന്നു. കൈയ്യില്‍ കിട്ടിയ കത്രിക കൊണ്ട് നളിനി സുരേഷിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. തലയിലും മുതുകിലും സുരേഷിന് പരിക്കേറ്റു. ഒരുവിധം വീടിന് പുറത്തേക്കോടിയ സുരേഷ് നേരെ നളിനിയുടെ മാതാപിതാക്കളുടെ വീട്ടിലേക്കാണ് പോയത്.

എന്നാല്‍, നളിനിയുടെ അമ്മ സുരേഷിനെ വഴക്ക് പറയുകയാണുണ്ടായത്. പരാതിയുണ്ടെങ്കില്‍ പോലീസ് സ്റ്റേഷനിലേക്ക് പോകുവെന്ന് അവര്‍ പറഞ്ഞു. ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിയ സുരേഷ് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ സുരേഷിന് പിന്നാലെ നളിനിയും പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. പരാതി കേട്ട ശേഷം ഇരുവരെയും പോലീസ് വിളിച്ചുവരുത്തി. എന്നാല്‍ അപ്പോഴും ഇവര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നു. പിന്നീട് ഇരുവരെയും കൗണ്‍സിലിംഗിന് വിധേയരാക്കിയശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു.

 

Back to top button
error: