ആലപ്പുഴ: കാണാതായ മാന്നാര്‍ സ്വദേശിയായ യുവതിയുടെ മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തി. കാണാതായ കലയുടെ ഭര്‍ത്താവ് അനില്‍കുമാറിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്നാണ് മൃതദേഹാവശിഷ്ടം എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്.
1 ്രവര്‍ഷം മുന്‍പ് മാവേലിക്കര മാന്നാറില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായ കലയെ കൊന്നുകുഴിച്ചുമൂടിയെന്ന സൂചനയെ തുടര്‍ന്ന് മൃതദേഹം കണ്ടെത്താനുള്ള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കലയെ കുഴിച്ചിട്ടെന്ന കരുതുന്ന ഇലമത്തൂരിലെ വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനക്ക് ശേഷം മാത്രമേ ഈ അവശിഷ്ടങ്ങള്‍ കലയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിക്കൂ.
സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് തുറന്ന് നടത്തിയ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ കലയുടെ ഭര്‍ത്താവ് അനില്‍ കുമാറിന്റെ സഹോദരീഭര്‍ത്താവ് അടക്കം അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സോമന്‍, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇസ്രായേലിലുള്ള കലയുടെ ഭര്‍ത്താവായ അനിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഇരുസമുദായത്തിലുള്ള കലയും അനിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഈ വിവാഹത്തില്‍ അനിലിന്റെ വീട്ടുകാര്‍ക്ക് കടുത്ത എതിര്‍പ്പുണ്ടായിരിക്കുന്നതായും വിവരമുണ്ട്. ഇവരുടെ വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കലയെ ബന്ധുവീട്ടിലായിരുന്നു അനില്‍ താമസിപ്പിച്ചിരുന്നത്. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
കലയ്ക്ക് മറ്റാരുമായോ ബന്ധമുണ്ടെന്ന അനിലിന്റെ സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന. വഴക്കിനെ തുടര്‍ന്ന് വിനോദയാത്ര പോകാമെന്ന വ്യാജേന കാര്‍ വാടകക്കെടുത്ത് കലയുമായി കുട്ടനാട് ഭാഗങ്ങളിലേക്ക് യാത്രപോയ അനില്‍ ബന്ധുക്കളായ ചിലരെ വിളിച്ചുവരുത്തി കാറില്‍വച്ച് തന്നെ കലയെ കൊലപ്പെടുത്തിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പിന്നീട് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് സൂചന.
മൂന്ന് മാസത്തിന് മുന്‍പ് ഇത് സംബന്ധിച്ച് അമ്പലപ്പുഴ പോലീസില്‍ ഒരു ഊമക്കത്ത് ലഭിച്ചതാണ് വഴിത്തിരിവായത്. കേസിലെ പ്രതിയായ ഒരാള്‍ നേരത്തെ ഭാര്യയെയും മക്കളെയും പെട്രോളൊളിച്ച് അപകടപ്പെടുത്താന്‍ ശ്രമിച്ചതായും ‘അവളെ തീര്‍ത്ത പോലെ നിന്നെയും തീര്‍ക്കും’ എന്ന് ഭീഷണിപ്പെടുത്തിയതായും പൊലീസിന് വിവരം ലഭിച്ചു. ഇത് സംബന്ധിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.