സൊനാക്ഷിയുടെ വിവാഹത്തില്‍ പങ്കെടുത്തില്ല; ‘ചിലരുമായി’ സഹകരിക്കാന്‍ സാധിക്കില്ലെന്ന് സഹോദരന്‍
നടി സൊനാക്ഷി സിന്‍ഹയും സഹീര്‍ ഇക്ബാലും ജൂണ്‍ 23-നാണ് വിവാഹിതരായത്. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. ഹീരാമണ്ഡി എന്ന വെബ് സീരീസിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സൊനാക്ഷിയുടെ വിവാഹം.അതേസമയം, സൊനാക്ഷിയുടെ വിവാഹത്തോടനുബന്ധിച്ച് ഒട്ടേറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ലവ് സിന്‍ഹ സൊനാക്ഷിയെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതിന് പിന്നാലെയായിരുന്നു വിവാദം.
സഹോദരിയുടെ വിവാഹത്തിന് ലവ് പങ്കെടുത്തതുമില്ല. സഹീര്‍ ഇക്ബാലിന്റെ പിതാവും വ്യവസായിയുമായ ഇക്ബാല്‍ രത്തന്‍സിയുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്നാണ് ലവ് സിന്‍ഹ വിവാദത്തില്‍ പങ്കെടുക്കാതിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതു വലിയ ചര്‍ച്ചയായതോടെ ലവ് സിന്‍ഹ പ്രതികരണവുമായി രംഗത്തു വന്നിരിക്കുകയാണ്.
ടെലിഗ്രാഫ് ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം ഷെയര്‍ ചെയ്താണ് ലവ് സിന്‍ഹ പ്രസ്താവന നടത്തിയത്. ‘ എന്തുകൊണ്ട് ഞാന്‍ പങ്കെടുത്തില്ല. തെറ്റായി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എനിക്കെതിരെ ഓണ്‍ലൈന്‍ കാംപയിനുകള്‍ നടത്തിയാലും കുടുംബമാണ് എനിക്കെല്ലാമെന്ന യാഥാര്‍ത്ഥ്യം തിരുത്തപ്പെടാന്‍ പോവുന്നില്ല.
പിന്നീട് ലേഖനത്തിലെ ഒരു പ്രത്യേക ഖണ്ഡിക ലവ് സിന്‍ഹ ഉദ്ധരിച്ചു. ‘ അദ്ദേഹത്തിന്റെ(സഹീര്‍ ഇഖ്ബാല്‍) കുടുംബ ബിസിനസിനെ കുറിച്ചു പ്രത്യേകം തയ്യാറാക്കിയ വാര്‍ത്തകളില്‍, വരന്റെ പിതാവിന് ഒരു രാഷ്ട്രീയക്കാരനുമായുള്ള അടുപ്പത്തെക്കുറിച്ചും ഇ.ഡി. അന്വേഷണം ‘വാഷിങ് മെഷിനില്‍’ അപ്രത്യക്ഷമായ കാര്യങ്ങളെക്കുറിച്ചും ആരും ഒന്നും മിണ്ടുന്നില്ല..’ ഇക്ബാല്‍ രത്തന്‍സിയുടെ വ്യവസായ ബന്ധത്തെ പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു ലവ് സിന്‍ഹ.
‘എന്തുകൊണ്ട് ഞാന്‍ പങ്കെടുത്തില്ല എന്നതിന്റെ കാരണം വ്യക്തമാണ്. എന്തു തന്നെയാണെങ്കിലും ചില ആളുകളുമായി സഹകരിക്കാന്‍ എനിക്ക് കഴിയില്ല. പി.ആര്‍. ടിം പുറത്തുവിടുന്ന വാര്‍ത്തകളെ ആശ്രയിക്കുന്നതിന് പകരം ഒരു മാധ്യമത്തിലെ അംഗം അവരുടേതായ ഗവേഷണം നടത്തിയതില്‍ സന്തോഷമുണ്ട്.’- ലവ് സിന്‍ഹ തിങ്കളാഴ്ച്ച എക്‌സില്‍ കുറിച്ചു.
സൊനാക്ഷിയുടെ വിവാഹത്തില്‍ ലവ് സിന്‍ഹ പങ്കെടുത്തില്ലെങ്കിലും പിതാവും നടനുമായ ശത്രുഘ്നന്‍ സിന്‍ഹ, അമ്മ പൂനം, ഇരട്ടസഹോദരന്‍ കുഷ് എന്നിവര്‍ പങ്കെടുത്തിരുന്നു. വിവാഹത്തിനു ശേഷം പനി മൂലം ആശുപത്രിയിലായ ശത്രുഘ്നന്‍ സിന്‍ഹ ചിത്രങ്ങള്‍ പങ്കുവെച്ച് വിവാദങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ: സോഷ്യല്‍ മീഡിയയിലും യുട്യൂബിലുമുള്ള ഞങ്ങളുടെ സുഹൃത്തുക്കള്‍ സൃഷ്ടിച്ച വിവാദങ്ങളില്‍നിന്നും ആശയക്കുഴപ്പങ്ങളില്‍നിന്നും അകലം പാലിക്കുന്നു. സഹോദരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം നല്ല മുഹൂര്‍ത്തങ്ങള്‍ ആസ്വദിക്കുകയാണ്. പുകള്‍പെറ്റ ദക്ഷിണാഫ്രിക്ക- ഇന്ത്യ മത്സരവും ആസ്വദിക്കുന്നു.’