ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപ്പെട്ട് നിരവധിപേര്‍ മരിച്ചു. നാല്‍പതോളം പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 27 മൃതദേഹങ്ങള്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
പ്രാദേശികമായി നടന്ന ‘സത്സംഗ്’ പരിപാടിക്കിടെ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആളുകള്‍ കൂട്ടത്തോടെ ഓടിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് അറിയിച്ചു. മാനവ് മംഗള്‍ മിലന്‍ സദ്ഭാവന സമാഗം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവം സംബന്ധിച്ച് അന്വേഷണം നടത്താന്‍ സമിതി രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.